LiveTV

Live

National

ബി.ജെ.പി പ്രകടന പത്രിക പുറത്ത്; ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍

ഏക സിവില്‍കോഡും പൌരത്വബില്ലും നടപ്പാക്കുമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സകല വഴികളും തേടുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ബി.ജെ.പി പ്രകടന പത്രിക പുറത്ത്; ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍

ദേശീയതക്ക് പ്രാമുഖ്യം നല്‍കി ബി.ജെ.പിയുടെ പ്രകടന പത്രിക. വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും പ്രകടന പത്രികയില്‍ ഉറപ്പുനല്‍കുന്നു. രാമക്ഷേത്ര നിര്‍മാണവും ശബരിമല ആചാര സംരക്ഷണവും ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശം ഒന്നാമതാണെന്ന് പറഞ്ഞാണ് ബി.ജെ.പിയുടെ പ്രകടന പത്രിക തുടങ്ങുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തും. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ആയുധങ്ങള്‍ വാങ്ങും. അസമില്‍ നടപ്പാക്കിയ ദേശീയ പൌരത്വ പട്ടിക ഘട്ടം ഘട്ടമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. വിദേശ രാജ്യങ്ങളിലെ മുസ്‍ലിംകളല്ലാത്തവര്‍ക്ക് പൌരത്വം നല്‍കുന്ന പൌരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നും ദേശീയതക്ക് പ്രാധാന്യം നല്‍കുന്ന പ്രകടന പത്രികയില്‍ പറയുന്നു.

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടന അനുച്ഛേദം 370, 35 എ എന്നിവ എടുത്തുകളയുമെന്നും പത്രിക പറയുന്നു. ഇതിന് പുറമെ രാമക്ഷേത്ര നിര്‍മാണത്തിന് സകല വഴികളും തേടുമെന്നും ശബരിമല ആചാര സംരക്ഷണത്തിന്‍റെ ആവശ്യം സമഗ്രമായി കോടതിയെ ബോധ്യപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.