LiveTV

Live

National

ബി.ജെ.പിക്കെതിരെ പൗരാവകാശ സംഘടനകള്‍ ഒരുമിക്കുന്നു

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പൊതു മിനിമം പരിപാടി ആവിഷ്കരിക്കണമെന്നും സഖ്യമുണ്ടാക്കണമെന്നുമാണ് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്...

ബി.ജെ.പിക്കെതിരെ പൗരാവകാശ സംഘടനകള്‍ ഒരുമിക്കുന്നു

ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 200 പൗരാവകാശ സംഘടനകളാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നീക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്. പരിപാടിയില്‍ കോണ്‍ഗ്രസ്, സി.പി.എം, ആംആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.

ബി.ജെ.പിക്കെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മപ്പെടുത്തിയാണ് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ ഡല്‍ഹിയില്‍ യോഗം സംഘടിപ്പിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പൊതു മിനിമം പരിപാടി ആവിഷ്കരിക്കണമെന്നും സഖ്യമുണ്ടാക്കണമെന്നുമാണ് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

നിലവില്‍ വ്യത്യസ്ത ചേരിയിലാണെങ്കിലും കോണ്‍ഗ്രസ്, സി.പി.എം‍, ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ ഒരേ വേദിയിലെത്തി. പരിപാടിയില്‍ നരേന്ദ്രമോദിക്കെതിരെ യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയെ ഗാന്ധി രൂക്ഷ വിമര്‍ശമുയര്‍ത്തി. രാജ്യത്തെ ആത്മാവിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും. ഇന്ത്യയിലെ നാനാത്വത്തെ അംഗീകരിക്കാത്തവരാണ് രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.

എന്‍.സി.പി, ആര്‍.ജെ.ഡി, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ സംഗീതജ്ഞനായ ടി.എം കൃഷ്ണ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്‍റെ മാതാവ്, ഗോവധം ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ അഖ്ലാക്കിന്‍റെ കുടുംബം അടക്കമുള്ളവരും വേദിയില്‍ എത്തിയിരുന്നു. സമൃദ്ധ ഭാരത് ഫൗണ്ടേഷനാണ് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മക്ക് നേതൃത്വം വഹിച്ചത്.