LiveTV

Live

National

റാലികളുമായി ബി.ജെ.പിയും കോണ്‍ഗ്രസും സജീവം

പരാമവധി സീറ്റ് നേടാനായി വന്‍ പ്രചരണം നടത്തുകയാണ് ബിജെപി

റാലികളുമായി ബി.ജെ.പിയും കോണ്‍ഗ്രസും സജീവം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ റാലികളില്‍ പങ്കെടുക്കും. പ്രിയങ്കഗാന്ധി യു.പിയില്‍ മൂന്ന് പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ‌ബി.ജെ.പി ദേശീയ അധ്യക്ഷ അമിത് ഷാ ഇന്ന് ഒഡീഷയില്‍ ആണ് പ്രചാരണം നടത്തുന്നത്. അതേസമയം, ആംആദ്മി പാര്‍ട്ടിയുമായുള്ള സംഖ്യം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് ഇനിയും സാധിച്ചിട്ടില്ല.

ബംഗാളിലെ കൂച്ച് ബീഹാര്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ഇന്ന് നടക്കുന്നത്. ഒഡീഷയിലെ രണ്ട് റാലികളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. 2014ല്‍ വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശ് രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളിലുള്ളത്. ആ സാഹചര്യത്തില്‍ ഒഡീഷ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പരാമവധി സീറ്റ് നേടാനായി വന്‍ പ്രചരണം നടത്തുകയാണ് ബി.ജെ.പി.

അതേസമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തുന്ന റാലികള്‍ തുടരുകയാണ്. ഇന്ന് ഷഹരാന്‍പൂര്‍, ഷാമ്ലി, ബിജ്നോര്‍ എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ റോഡ് ഷോ. ആം ആദ്മി പാര്‍ട്ടിയുമായുള്ള സംഖ്യത്തില്‍ ഇന്നലെ തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഷീല ദീക്ഷിത്, പി സി ചാക്കോ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അടക്കമുള്ളവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. സംഖ്യം സംബന്ധിച്ച് എ.എ.പി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഹരിയാനയില്‍ സീറ്റ് നല്‍കാന്‍ തയ്യാറായാല്‍ മാത്രമേ ഡല്‍ഹിയിലും സഖ്യത്തിന് വഴങ്ങൂ എന്നാണ് എ.എ.പിയുടെ നിലപാട്.