LiveTV

Live

National

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസം; ബി.ജെ.പിയുടെ പ്രകടന പത്രിക 8ന് പുറത്തിറക്കും

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ഏപ്രില്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 11ന് പ്രദര്‍ശനത്തിനെത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

 ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസം; ബി.ജെ.പിയുടെ പ്രകടന പത്രിക 8ന് പുറത്തിറക്കും

രാജ്യത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസം. പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ഏപ്രില്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 11ന് പ്രദര്‍ശനത്തിനെത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ മോദിയായി വേഷമിട്ട നടന്‍ വിവേക് ഒബ്റോയി ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും. ബി.ജെ.പിയുടെ പ്രകടന പത്രിക ഏപ്രില്‍ എട്ടിന് പുറത്തിറക്കും.

മിനിമം വരുമാനം ഉറപ്പാക്കല്‍ ഉള്‍പ്പെടെ ജനക്ഷേമ പദ്ധതികളുള്‍ക്കൊള്ളിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചക്ക് ശേഷമാണ് ബി.ജെ.പിയുടെ പ്രകടന പത്രിക വരുന്നത്. കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടിന് എന്ത് മറുപടിയാണ് ബി.ജെ.പി ഒരുക്കിവെച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കാര്‍ഷിക മേഖലക്കും തൊഴില്‍ മേഖലക്കും പുറമെ ദേശസുരക്ഷക്കും ഊന്നല്‍ നല്‍കുന്നതാകും പ്രകടന പത്രികയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പില്‍ പെരുമാറ്റച്ചട്ടലംഘന പരാതി നിലനില്‍ക്കെയാണ് പി.എം മോദിയെന്ന പേരിലെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. അതും ഒന്നാം ഘട്ട പോളിങ് നടക്കുന്ന ഏപ്രില്‍ 11ന് തന്നെ. സിനിമയില്‍ മോദിയെ അവതരിപ്പിച്ച വിവേക് ഒബ്റോയിയെ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുണ്ട്. ചിത്രവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോള്‍ തന്നെയാണ് വിവേക് അവര്‍ക്കായി പ്രചാരണത്തിനിറങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിം കോടതി ഏപ്രില്‍ എട്ടിന് പരിഗണിച്ചേക്കും.