LiveTV

Live

National

‘മത്സരിക്കാനില്ല’ അമിത് ഷാക്ക് സുമിത്ര മഹാജന്‍റെ കത്ത്

ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുമിത്ര മഹാജന് അതൃപ്തി.

‘മത്സരിക്കാനില്ല’ അമിത് ഷാക്ക് സുമിത്ര മഹാജന്‍റെ കത്ത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. ഇന്‍ഡ‍ോറിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിനെ തുടര്‍ന്ന് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി സുമിത്ര മഹാജന്‍ അമിത്ഷാക്ക് കത്ത് നല്‍കി. ഇതിനിടെ ബി.ജെ.പി സീറ്റ് നിഷേധിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയോട് നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായാണ് സൂചന.

1989 മുതല്‍ തുടര്‍ച്ചയായ എട്ട് വര്‍ഷം ഇന്‍ഡോറില്‍ നിന്നുള്ള എം.പിയാണ് സുമിത്ര മഹാജന്‍. എന്നാല്‍ ഇത്തവണ സുമിത്ര മഹാജന് സീറ്റ് നല്‍കേണ്ടെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് അടക്കമുള്ളവരുടെ തീരുമാനം. അതിനാല്‍ തന്നെ ഇതുവരെ ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് താന്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിക്ക് യാതാരു ആശയക്കുഴപ്പവും വേണ്ടെന്നും സുമിത്ര മഹാജന്‍ കത്തില്‍ വ്യക്തമാക്കിയത്. എത്രയും വേഗം ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടു.

നേരത്തെ കാണ്‍പൂരില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുരളി മനോഹര്‍ ജോഷിയും അധ്വാനിയും സമാനമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്കെഴുതിയ കത്തില്‍ തന്നോട് പാര്‍ട്ടി മത്സരിക്കേണ്ടെന്നാണ് ആവശ്യപ്പെട്ടതെന്ന് ജോഷി കുറിച്ചു. ബി.ജെ.പിയെ വലിയ പ്രതിരോധത്തിലാക്കി കൊണ്ട് പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളല്ലെന്ന് എല്‍.കെ അദ്വാനി ബോഗ്ലില്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളെ മോദി- അമിത്ഷാ നേതൃത്വം തഴയുന്നുവെന്ന വികാരമുണ്ടാക്കരുതെന്നും അത് സവര്‍ണ വോട്ടുകളെ ബാധിക്കുമെന്നും നേരത്തെ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തോട് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷിയോട് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. 2014ല്‍ മോദിക്ക് വേണ്ടിയാണ് മുരളി മനോഹര്‍ ജോഷി വാരണാസി വിട്ട് കാണ്‍പൂരില്‍ മത്സരിച്ചത്.