LiveTV

Live

National

റഫാല്‍ പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എന്‍ റാമിന്റെ ലേഖനങ്ങള്‍, സുപ്രീംകോടതി വിധികള്‍, നിരീക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

റഫാല്‍ പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റഫാലുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും പൊലീസ് ഇടപെട്ട് പ്രകാശനച്ചടങ്ങ് റദ്ദാക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പുസ്തകങ്ങള്‍ വിട്ടുനല്‍കുകയും പ്രകാശനച്ചടങ്ങ് നടത്തുകയുമായിരുന്നു.

എസ്. വിജയന്റെ ‘നാട്ടൈ ഉലക്കും റഫാല്‍ ഊഴല്‍’ എന്ന പുസ്തകത്തെ ചുറ്റിയാണ് വിവാദം. ഭാരതി പുസ്തകാലയമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഭാരതി പുസ്തകാലയയുടെ തേനാംപട്ട് ഷോറൂമിലെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പുസ്തകത്തിന്റെ 142ഓളം കോപ്പികള്‍ പിടിച്ചെടുത്തു. വൈകീട്ട് ആറിന് മദിരാശി കേരള സമാജത്തില്‍ നടത്താനിരുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും റദ്ദാക്കി. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ കമ്മീഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പിടിച്ചെടുത്ത പുസ്തകങ്ങള്‍ വിട്ടുനല്‍കി. വൈകീട്ട് നടന്ന പ്രകാശനച്ചടങ്ങില്‍ എന്‍. റാം പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.

അതേസമയം പുസ്തകം പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്രബ്രത സാഹു പ്രതികരിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എന്‍ റാമിന്റെ ലേഖനങ്ങള്‍, സുപ്രീംകോടതി വിധികള്‍, നിരീക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.