LiveTV

Live

National

രാജ്യദ്രോഹ നിയമം എടുത്തുകളയും, അഫ്സ്പ പുനപരിശോധിക്കും- മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് പത്രിക

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെടാത്ത വിധം നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന മുഖവുരയോടെയാണ്..

രാജ്യദ്രോഹ നിയമം എടുത്തുകളയും, അഫ്സ്പ പുനപരിശോധിക്കും- മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് പത്രിക

മനുഷ്യാവകാശ സംരക്ഷണത്തിനും നിയമ പരിഷ്കരണത്തിനും കാര്യമായ പരിഗണന നല്‍കുന്ന പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. രാജ്യദ്രോഹ നിയമം എടുത്തുകളയുമെന്നും അഫ്സ്പ പുന:പരിശോധിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ദേശീയ സുരക്ഷാ കൌണ്‍സലിനെയും സുരക്ഷാ ഉപദേഷ്ടാവിനെയും അതിന് താഴെയുള്ള ഏജന്‍സികളെയും പാര്‍ലമെന്‍റിന് കീഴിലാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെടാത്ത വിധം നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന മുഖവുരയോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക നിയമ പരിഷ്കാരങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

രാജ്യദ്രോഹ കുറ്റമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍‌ ശിക്ഷാ നിയമത്തിലെ 124 ആം വകുപ്പ് എടുത്ത് കളയും. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കിയ അഫ്സ്പ അഥവാ സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. വിചാരണത്തടവുകാര്‍ അനന്തമായി ജയിലില്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കും. മൂന്ന് വര്‍ഷം പരമാവധി ശിക്ഷയുള്ള കേസില്‍ മൂന്ന് മാസം വിചാരണ തടവനുഭവിച്ചാല്‍ മോചനം നല്‍കുന്ന തരത്തിലും അനുപാതത്തിലും ആയിരിക്കും പരിഷ്കരണം. ക്രിമിനല്‍ അപകീര്‍ത്തി നിയമം നീക്കും.

മൂന്നാം മുറക്കും കസ്റ്റഡി പീഡനങ്ങള്‍ക്കുമെതിരെ നിയമം കൊണ്ട് വരും. എല്ലാത്തിനും പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഓഫീസിനെയും ദേശീയ സുരക്ഷാ കൌണ്‍സിലിനെയും പാര്‍ലമെന്‍റിന് കീഴിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവക്ക് കീഴില്‍ വരുന്ന അന്വേഷണ ഏജന്‍സികളെയും പാര്‍ലമെന്‍റിനോട് ഉത്തരവാദിത്വമുള്ള വിധത്തിലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.