LiveTV

Live

National

സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി സൗരാഷ്ട്ര മേഖലയിലെ കര്‍ഷകര്‍ 

ഇന്ത്യയിലെ മറ്റ് കാര്‍ഷിക സമരങ്ങളോളം ഉയര്‍ന്ന ശബ്ദത്തില്‍ ഇവരുടെ പ്രക്ഷോഭങ്ങള്‍ കേള്‍ക്കാതിരുന്നത് ഇവര്‍ സംഘടിതരല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ്. 

 സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി സൗരാഷ്ട്ര മേഖലയിലെ കര്‍ഷകര്‍ 

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഇന്ത്യയിലെ മറ്റ് കാര്‍ഷിക സമരങ്ങളോളം ഉയര്‍ന്ന ശബ്ദത്തില്‍ ഇവരുടെ പ്രക്ഷോഭങ്ങള്‍ കേള്‍ക്കാതിരുന്നത് ഇവര്‍ സംഘടിതരല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ്. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിന്റെ പ്രൗഢി ദേശീയതലത്തില്‍ ഉയര്‍ത്താന്‍ നരേന്ദ്ര മോദിക്ക് പിന്തുണ നല്‍കിയ കര്‍ഷക ജനത ഇന്നിപ്പോള്‍ മറുപടി നല്‍കാനായി കാത്തിരിക്കുകയാണ്.

സൗരാഷ്ട്ര ഗുജറാത്തിന്റെ പരമ്പരാഗത കാര്‍ഷിക മേഖലയാണ്. രാജ്‌കോട്ട് അംറേലി സുരേന്ദ്ര നഗര്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം അടങ്ങിയ സൗരാഷ്ട്രയിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലേറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്നത്. പക്ഷേ, കര്‍ഷക സംഘടനകള്‍ക്കപ്പുറത്താര്‍ക്കും ഈ കണക്കറിയില്ല. രണ്ട് ലക്ഷം രൂപയുടെ സംസ്ഥാന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരണമെങ്കില്‍ ആത്മഹത്യകള്‍ സ്വഭാവികമരണങ്ങളോ അപകടമരണങ്ങളോ ആക്കി തീര്‍ക്കണം. ജനിതക മാറ്റം നടത്തിയ ബി.റ്റി പരുത്തിയാണ് ഈ മേഖലയിലെ പ്രധാന കൃഷി. നിലക്കടലയും കടലയും ബജ്‌റയും ചോളവും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ജലസേചനം, വിള ഇന്‍ഷൂറന്‍സ്, താങ്ങുവില എന്നിങ്ങനെ വാഗ്ദാന ലംഘനങ്ങള്‍ ഏറ്റുവാങ്ങിയ ജനതയാണിവിടെയുള്ളത്.

സര്‍ക്കാരിനോടുള്ള ഇവരുടെ പ്രതിഷേധത്തിന് രണ്ട് മാനങ്ങളുണ്ട്. കര്‍ഷകരുടെ പ്രതിഷേധവും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ അവഗണനയും ഒരു ഭാഗത്ത്. മറുഭാഗത്ത് സൗരാഷ്ട്രയിലെ കാര്‍ഷിക സമുദായങ്ങളില്‍ പ്രധാനികളായ പാട്ടീല്‍ദാര്‍ സമുദായം പല കാരണങ്ങളാല്‍ ബി.ജെ.പിയുമായി പിണങ്ങി നില്‍ക്കുന്നു എന്നത് മറുഭാഗത്ത്. ഏതു നിലയിലും ബി.ജെ.പിക്ക് അനുകൂലമല്ല സൗരാഷ്ട്രയിലെ മണ്ഡലങ്ങളെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ താമസിക്കുന്നതടക്കം വൈകിച്ച് സ്വന്തം സാധ്യതകള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുമുണ്ട്.