LiveTV

Live

National

സാമ്പത്തിക ഭദ്രതയും ജനക്ഷേമവും; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. കര്‍ഷക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലതാക്കുമെന്നും പ്രത്യേക കാർഷിക ബജറ്റ് തയ്യാറാക്കുമെന്നും പത്രികയിലുണ്ട്.

സാമ്പത്തിക ഭദ്രതയും ജനക്ഷേമവും; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

സാമ്പത്തിക ഭദ്രതയും ജനക്ഷേമവും ഉറപ്പുനല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക. മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. കര്‍ഷക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലതാക്കുമെന്നും പ്രത്യേക കാർഷിക ബജറ്റ് തയ്യാറാക്കുമെന്നും പത്രികയിലുണ്ട്. ദാരിദ്ര്യ നിർമ്മാർജനത്തിനും തൊഴിലില്ലായ്മ ഇല്ലാതാക്കാനുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്.

കോണ്‍ഗ്രസ് നടപ്പാക്കും എന്ന പേരിലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവർഷം 72000 രൂപ നൽകുമെന്ന മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. 25 കോടി കുടുംബങ്ങൾക്ക് പദ്ധതി ഗുണപ്രദമാകും. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഉണ്ടാക്കിയ ദുരിതം മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

കേന്ദ്രസർക്കാരില്‍ നാല് ലക്ഷം ഒഴിവുകള്‍ ഉണ്ട്. അവ നികത്തും. ഒപ്പം സംസ്ഥാനങ്ങളിലെ ഒഴിവുകൾ നികത്താൻ സമ്മർദ്ദം ചെലുത്തും. സേവാ മിത്ര എന്ന പേരിൽ 10 ലക്ഷം തസ്തികകൾ ഉണ്ടാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിൽ ദിനം 150 ആക്കും. യുവ സംരംഭകര്‍ക്ക് ആദ്യ 3 വർഷം അനുമതികളൊന്നും വേണ്ട. കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നുണ്ട് പത്രികയിൽ.

കാർഷിക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലതാക്കും. രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്നും അപകീർത്തി കുറ്റം സിവിൽ നിയമത്തിൽ പരിമിതപ്പെടുത്തുമെന്നും പത്രികയിലുണ്ട്.