‘മോദി സേന’ വിവാദം; യോഗിക്കെതിരെ മുന്‍ സെെനിക തലവന്മാരും
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യൻ സെെന്യത്തെ ആദിത്യനാഥ് ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യൻ സെെന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം കനക്കുന്നു. യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുൻ നേവി തലവൻ അറിയിച്ചു.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യൻ സെെന്യത്തെ ആദിത്യനാഥ് ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇത് സെെന്യത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം, ബി.ജെ.പി സെെന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും പറഞ്ഞു.

ഇന്ത്യയുടെ സെെന്യം ആരുടെയും സ്വാകാര്യ സ്വത്തല്ലെന്ന് പ്രതികരിച്ച മുൻ നേവി ചീഫ് അഡ്മിറൽ എൽ രാംദാസ്, യോഗിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതി ബോധിപ്പിക്കുമെന്നും അറിയിച്ചു. സെെന്യം രാജ്യത്തെ സേവിക്കാനുള്ളതാണ്. രാഷ്ട്രീയാവശ്യങ്ങൾക്കായി അതിനെ ഉപയോഗിക്കുന്നത് തെറ്റാണെന്നും മുൻ ചീഫ് അഡ്മിറൽ പറഞ്ഞു.
ഗാസിയാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ യോഗിയുടെ വിവാദ പരാമർശം വൻ വിമർശനമാണ് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. മുൻ ലെഫ്റ്റണന്റ് ജനറൽ എച്ച്.എസ് പനാഗ് ഉൾപ്പടെയുള്ള സേനാ തലവൻമാരും യോഗിക്കെതിരെ രംഗത്ത് വന്നിരുന്നു.