LiveTV

Live

National

ദേശസുരക്ഷയിലൂന്നി മോദി; അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ട് കോണ്‍ഗ്രസ്

ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, മനുഷ്യാകാശ പ്രവര്‍ത്തകര്‍, ദലിതുകള്‍, സ്ത്രീകള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നരേന്ദ്ര മോദി ഭരണകാലത്ത് നേരിട്ട പ്രതിസന്ധികളെ പത്രിക കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ട്.

 ദേശസുരക്ഷയിലൂന്നി മോദി; അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ട് കോണ്‍ഗ്രസ്

ദേശസുരക്ഷയാണ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന പ്രധാനമന്ത്രിയുടെ പ്രചാരണത്തില്‍ നിന്നും അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചു വിടുന്നതാണ് കോണ്‍ഗ്രസിന്റെ പത്രിക. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളില്‍ പലതിന്റെയും തിരുത്തല്‍ രേഖ കൂടിയാണിത്. തെരഞ്ഞെടുപ്പില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ളവയാണെന്നും ജനങ്ങളെ വഞ്ചിക്കാനുള്ളതല്ലെന്നും പത്രിക പുറത്തിറക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് ഒറ്റനോട്ടത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ഹിന്ദു വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും രാജ്യത്ത് ആരംഭിച്ച വര്‍ഗീയ പ്രചാരണത്തെ പാടെ അവഗണിച്ചാണ് പി. ചിദംബരം അധ്യക്ഷനായ കമ്മിറ്റി പ്രകടന പത്രിക തയ്യാറാക്കിയത്. ഇതാദ്യമായി വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് ആറു മാസത്തിലേറെ സമയമെടുത്താണ് ഈ പത്രിക തയാറാക്കിയത്. അജണ്ട ജനങ്ങളാണ് നിശ്ചയിക്കുന്നതെന്നും തൊഴിലില്ലായ്മയും കാര്‍ഷിക തകര്‍ച്ചയും സാമ്പത്തിക തളര്‍ച്ചയുമാണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെന്നും രാഹുല്‍ അടിവരയിട്ടു വ്യക്തമാക്കി.

എല്ലാവരും ഹിന്ദുക്കളാണെന്നും ധൈര്യമുണ്ടെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് താനുമായി ചര്‍ച്ചക്ക് തയ്യാറാവാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും രാഹുല്‍ വെല്ലുവിളിക്കുക കൂടി ചെയ്തതോടെ വലിയൊരളവില്‍ പിന്‍കാലിലാവുകയാണ് ബി.ജെ.പി.

ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ദലിതുകള്‍, സ്ത്രീകള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നരേന്ദ്ര മോദി ഭരണകാലത്ത് നേരിട്ട പ്രതിസന്ധികളെ ഈ പത്രിക കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം മനുഷ്യാവകാശ മേഖലയിലും കാര്‍ഷിക വികസന മേഖലകളിലും കോണ്‍ഗ്രസ് പൊളിച്ചെഴുതുമെന്ന് പറയുന്ന പല നിയമങ്ങളും കീഴ്‌വഴക്കങ്ങളും മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തന്നെ സൃഷ്ടിയായിരുന്നു എന്നതാണ് വിരോധാഭാസം. രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നയ നിലപാടുകളില്‍ വരുന്ന അടിസ്ഥാനപരമായ മാറ്റമായാണ് പുതിയ പത്രിക വിലയിരുത്തപ്പെടുന്നത്.