LiveTV

Live

National

തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുലും മോദിയും തെലങ്കാനയില്‍

ഇന്ന് തെലങ്കാനയിലെ മൂന്നിടത്താണ് രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികള്‍. മഹാരാഷ്ട്രയിലെ പ്രചാരണം കഴിഞ്ഞ് വൈകീട്ട് നാല് മണിക്കാണ് നരേന്ദ്രമോദി ഹൈദരാബാദില്‍ പ്രചാരണത്തിനെത്തുന്നത്...

തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുലും മോദിയും തെലങ്കാനയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് തെലങ്കാനയിലെത്തും. നാളെയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങുന്നത്. യു.പിയിലെ മെയിന്‍ പുരിയില്‍ മത്സരിക്കുന്ന മുലായം സിംഗ് യാദവ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

നാളെ പ്രകടന പത്രിക പുറത്തിറങ്ങാനിരിക്കെ ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ പൊതുപരിപാടി ഏറെ പ്രാധാന്യമുള്ളതാണ്. ശ്രദ്ധേയമായ എന്തെങ്കിലും പ്രഖ്യാപനം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പൊതുയോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ പ്രഖ്യാപിച്ച മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് കോണ്‍ഗ്രസിന്റെ സുപ്രധാന പദ്ധതിയായിരുന്നു. നവസംരംഭകര്‍ക്ക് അനുകൂലമായ മറ്റ് ചില പ്രഖ്യാപനങ്ങളും നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഇന്ന് തെലങ്കാനയിലെ മൂന്നിടത്താണ് രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികള്‍. സാഹിറാബാദ്, വാനപര്‍ത്ഥി, ഹുസൂര്‍നഗര്‍ എന്നിവിടങ്ങളിലാണ് പൊതുപരിപാടികള്‍ നടക്കുന്നത്.

അതേസമയം മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദിയും ഇന്ന് തെലങ്കാനയിലെത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് മോദിയുടെ റാലി. ആന്ധ്രപ്രദേശിലെ പൊതുപരിപാടിക്ക് ശേഷം തെലങ്കാനയിലെത്തുന്ന മോദി നാല് മണിക്ക് ഹൈദരാബാദിലെ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സംസാരിക്കും. അതിനിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ഉത്തര്‍പ്രദേശിലെ മെയിന്‍ പുരിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.