LiveTV

Live

National

‘ഇന്ത്യയുടേത് മോദി സേന’; യോഗിക്കെതിരെ പ്രതിപക്ഷം

സെെന്യത്തെ രാഷ്ട്രീയാവശ്യങ്ങൾക്കായും, തെരഞ്ഞെടുപ്പ് ഉപകരണമാക്കുന്നതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിരുന്നു

‘ഇന്ത്യയുടേത് മോദി സേന’; യോഗിക്കെതിരെ പ്രതിപക്ഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെെന്യത്തെ അപമാനിച്ചതായി കോൺഗ്രസ്. ഡൽഹിയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യൻ സെെന്യത്തെ ‘മോദിജിയുടെ സേന’ എന്ന് യോഗി തുടർച്ചയായി പ്രയോഗിച്ചതായി കോൺഗ്രസ് പറഞ്ഞു.

കോൺഗ്രസിന്റെ ആളുകൾ തീവ്രവാദികൾക്ക് ബിരിയാണി വിളമ്പുന്ന പണിയാണ് ചെയ്യുന്നതെന്നും എന്നാൽ മോദിജിയുടെ സെെന്യം ഇത്തരക്കാർക്ക് വെടിയുണ്ടകള്‍ കൊണ്ടും ബോംബുകള്‍ കൊണ്ടും മറുപടി നൽകുമെന്നും ആദിത്യനാഥ് റാലിക്കിടെ പറഞ്ഞു. മസൂദ് അസ്ഹറിനെ പോലുള്ള തീവ്രവാദികളെ ‘ജീ’ ചേർത്ത് ബഹുമാനിച്ച് വിളിക്കുന്നതാണ് കോൺഗ്രസുകാരുടെ രീതി. എന്നാൽ മോദിജിയാവട്ടെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് അവർക്ക് യോജിച്ച മറുപടി നൽകുകയാണ് ചെയ്യുന്നതെന്നും യോഗി അണികളോട് പറഞ്ഞു.

‘ഇന്ത്യയുടേത് മോദി സേന’; യോഗിക്കെതിരെ പ്രതിപക്ഷം

യോഗിയുടെ ‘മോദി സേന’ പ്രയോഗത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി. യോഗിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും സെെന്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മമത പറഞ്ഞു. 1999ലെ വിമാന റഞ്ചലിന് ശേഷം മസൂദ് അസ്ഹറിനെ തീവ്രവാദികൾക്ക് തിരിച്ച് നൽകിയ അജിത് ദോവലിന്റെയും ബി.ജെ.പിയുടെയും ഇപ്പോഴത്തെ വീരവാദങ്ങൾ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് പറഞ്ഞ മമത, നിരുത്തരവാദപരമായ പ്രസംഗത്തിൽ യോഗി മാപ്പ് പറയണമെന്നും പറഞ്ഞു.

നേരത്തെ, സെെന്യത്തെ രാഷ്ട്രീയാവശ്യങ്ങൾക്കായും, തെരഞ്ഞെടുപ്പ് ഉപകരണമാക്കുന്നതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സെെനിക നീക്കത്തെ സർക്കാർ രാഷ്ട്രീയവത്കരിക്കുന്നതായും പ്രതിപക്ഷം ആരോപിക്കുകയുണ്ടായി.