LiveTV

Live

National

വംശഹത്യയില്‍ നാട് നഷ്ടപ്പെട്ടവര്‍ കുടിയേറിപ്പാര്‍ത്ത ജുഹാപുരക്ക് അവഗണന മാത്രം

നഗരം വളരുമ്പോഴും വികസനത്തിന്റെ തരിമ്പു പോലുമെത്താത്ത പ്രദേശം. ഗുജറാത്ത് വംശഹത്യയില്‍ സ്വന്തം നാട് നഷ്ടപ്പെട്ടവര്‍ കുടിയേറിപ്പാര്‍ത്ത ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ല.

വംശഹത്യയില്‍ നാട് നഷ്ടപ്പെട്ടവര്‍ കുടിയേറിപ്പാര്‍ത്ത ജുഹാപുരക്ക് അവഗണന മാത്രം

ചൈനയിലെ ഷാങ്ഹായ് പോലെ അനുദിനം വികസിക്കുന്ന നഗരമാണ് അഹമ്മദാബാദെന്നാണ് പ്രധാനമന്ത്രിയുടെ അവകാശ വാദം. ഇവിടെ എല്‍.കെ അദ്വാനി വര്‍ഷങ്ങളോളം പ്രതിനിധീകരിച്ച, ഇപ്പോള്‍ അമിത് ഷാ മത്സരിക്കുന്ന മണ്ഡലമായ ഗാന്ധി നഗറില്‍ ജുഹാപുര എന്നൊരു ചേരിപ്രദേശമുണ്ട്. നഗരം വളരുമ്പോഴും വികസനത്തിന്റെ തരിമ്പു പോലുമെത്താത്ത പ്രദേശം. ഗുജറാത്ത് വംശഹത്യയില്‍ സ്വന്തം നാട് നഷ്ടപ്പെട്ടവര്‍ കുടിയേറിപ്പാര്‍ത്ത ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ല.

1973-ല്‍ സബര്‍മതി നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അധിവസിക്കാനാന്‍ അഹമ്മദാബാദിനെ സഗ്ലിനഗറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്‍കൈയ്യെടുത്ത് നല്‍കിയ പ്രദേശമാണ് ഇന്ന് ജുഹാപുര എന്നറിയപ്പെടുന്നത്. എണ്‍പതുകളുടെ പകുതിയോടെ അഹമ്മദാബാദിലും പരിസരത്തുമുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുസ്ലീങ്ങള്‍ പഴയ നഗരം വിട്ടൊഴിഞ്ഞ് ഇവിടെയെത്തി. തുടര്‍ന്നും സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ കോളനിയായി ജുഹാപുര.

ജുഹാപുരയിലെ സിദ്ദിഖാബാദ് കോളനി ഈ പ്രദേശത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഗുജറാത്ത് വംശഹത്യയില്‍ ഊരുപേക്ഷിച്ചോടിയ മുസ്ലീങ്ങള്‍ ഒരുമിച്ച് പാര്‍ക്കുന്ന പലയിടങ്ങളിലൊന്നാണ് 180 മുറികളുള്ള ഈ കോളനി. ഉറ്റവരുടേയും പ്രിയപ്പെട്ടവരുടേയും കൊലപാതകത്തെ കുറിച്ചല്ല ഇവര്‍ക്ക് പറയാനുള്ളത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചാണ്.

ഒന്നരലക്ഷത്തിലധികം മുസ്ലീം വോട്ടുകളുണ്ട് ജുഹാപുരയില്‍ മാത്രം. എന്നിട്ടും കോണ്‍ഗ്രസിന്നേവരെ ഇവര്‍ക്കായി വിജയിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കലാപകാലത്തിന് ശേഷം ഈ പ്രദേശത്ത് എന്നും വിജയിച്ചിട്ടുള്ള ബി.ജെ.പിയാകട്ടെ വോട്ട് ലഭിക്കാത്ത ഇടത്തേയ്ക്ക് വികസനം നല്‍കില്ല എന്ന നിലപാടിലുമാണ്.