LiveTV

Live

National

സഹരണ്‍പൂരില്‍ മത്സരം ശക്തം: ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് മീഡിയവണിനോട്

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസും എസ്.പി- ബി.എസ്.പി സഖ്യവും മുസ്‍ലിം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കുന്നത്.

സഹരണ്‍പൂരില്‍ മത്സരം ശക്തം: ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് മീഡിയവണിനോട്

മുസ്‍ലിം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ ഇത്തവണ മത്സരം ശക്തം. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസും എസ്.പി- ബി.എസ്.പി സഖ്യവും മുസ്‍ലിം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ മസൂദിനെ പാക് ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ മരുകമകന്‍ എന്ന് യോഗീ ആദിത്യനാഥ് വിളിച്ചതാണ് ഇപ്പോള്‍ മണ്ഡലത്തിലെ ചര്‍ച്ചാ വിഷയം. എന്ത് തന്നെ ആയാലും ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന് ഇമ്രാന്‍ മസൂദ് മീഡിയവണിനോട് പറഞ്ഞു.

സഹരണ്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദുമായി നടത്തിയ അഭിമുഖം:

എത്രമാത്രം ആത്മവിശ്വാമുണ്ട് ഇത്തവണ ?

നൂറ് ശതമാനം വിജയിക്കും (ദൈവ വിധിയുണ്ടെങ്കില്‍). എല്ലാ മതസ്ഥരുടെയും ജാതി വിഭാഗങ്ങളുടെയും വോട്ട് കിട്ടുന്ന ഏക സ്ഥാനര്‍ത്ഥി ഞാന്‍ മാത്രമാണ്.

എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യ സ്ഥാനാര്‍ത്ഥി എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ?

എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് ഇവിടെ ഒരു അസ്ഥിത്വവും പ്രസ്ക്തിയുമില്ല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ വലിയ വ്യത്യാസമാണ് അവരും ഞാനും തമ്മിലുള്ളത്. രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നാലും ഈ വ് ത്യാസമുണ്ട്. ബി.എസ്.പിയുടെ വോട്ട് ബാങ്കില്‍ ഇപ്പോള്‍ ഭീം ആര്‍മി കയറിയിരിക്കുന്നു. അവരുടെ പിന്തുണ ഞങ്ങള്‍ക്കാണുള്ളത്.

ഇമ്രാന്‍ മസൂദ് എന്ന നിങ്ങള്‍ മസൂദ് അസ്ഹറിന്‍റെ മരുമകനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അങ്ങനെയാണല്ലോ ആദിത്യനാഥ് ഇവിടെ പ്രചാരണം തുടങ്ങിയത് ?

വിനാശ കാലേ വിപരീത ബുദ്ധി എന്ന് കേട്ടിട്ടില്ലേ. അതുപോലെ ആണിത്. സമയം മോശമായത് കൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ അവര്‍ക്ക് നടത്തേണ്ടി വരുന്നത്. ഞങ്ങള്‍ കര്‍ഷക പ്രശ്നവും തൊഴിലില്ലായ്മയും പറയുമ്പോള്‍ അവര്‍ ദേശീയതയും പാക്കിസ്ഥാനുമൊക്കെയാണ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹനുമാന്‍റെ ജാതി ആയിരുന്നു വിഷയം. ഈ തെരഞ്ഞെടുപ്പില്‍ എന്നെ ഇമ്രാന്‍ മസൂദിന്‍റെ ബന്ധുവാക്കുന്നു.

യു.പിയില്‍ ആകെ, പശ്ചിമ യു.പിയില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിന്‍റെ അവസ്ഥ എന്താണ് ?

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മികച്ച തെരഞ്ഞെടുപ്പാണ് ഇത്. 2009 ലെ സാഹചര്യം ആവര്‍‌ത്തിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍‌.