LiveTV

Live

National

ശൗചാലയങ്ങളുടെ കാവല്‍ക്കാരനായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി

ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതു വഴി ഹിന്ദുസ്ഥാനിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനത്തിന്റെ സംരക്ഷകനായി താന്‍ മാറിയെന്നും മോദി

ശൗചാലയങ്ങളുടെ കാവല്‍ക്കാരനായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതുവഴി രാജ്യത്തെ വനിതകളുടെ സംരക്ഷകനായി മാറുകയാണെന്നും മോദി അവകാശപ്പെട്ടു.

രണ്ട് ദിവസം മുമ്പ് മോദിയെ ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍ എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി മഹാരാഷ്ട്രയില്‍ നല്‍കിയത്. അത്തരം വിശേഷണങ്ങള്‍ ശുചീകരണ തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും നിങ്ങളുടെ ഇത്തരം അപമാനിക്കലുകള്‍ എനിക്ക് ആഭരണങ്ങളാണെന്നും മോദി പറഞ്ഞു.

'ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ശൗചാലയങ്ങളുടെ കാവല്‍ക്കാരനാകുന്നതു വഴി ഹിന്ദുസ്ഥാനിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനത്തിന്റെ സംരക്ഷകനായി ഞാന്‍ മാറി' എന്നായിരുന്നു കോണ്‍ഗ്രസിന് മറുപടിയായി മോദി പറഞ്ഞത്.

കോണ്‍ഗ്രസിനൊപ്പം എന്‍.സി.പി നേതാവ് ശരത് പവാറിനെയും മോദി വിമര്‍ശിച്ചു. ശരത് പവാര്‍ കര്‍ഷകനായിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ കര്‍ഷകരെ മറന്ന മട്ടാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒയേയും മോദി അഭിനന്ദിച്ചു.