LiveTV

Live

National

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെക്കണമെന്ന് ആവശ്യം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെക്കണമെന്ന് ആവശ്യം

ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെക്കണമെന്ന് ആവശ്യം. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് മുന്‍ ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ലാവ്ലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് തുടങ്ങിയവരെയാണ് ഹൈക്കോടതിയും സിവില്‍ കോടതിയും കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെയാണ് സി.ബി.ഐയുടെ അപ്പീല്‍.

കുറ്റവിമുക്തരാക്കപ്പെടാതിരുന്ന മറ്റ് പ്രതികളായ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥര്‍ ആര്‍. ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹരജികളാണ് അന്തിമ വാദം കേള്‍ക്കാനായി തിങ്കളാഴ്ച ലിസ്റ്റ് ചെയ്തത്. ഇതിനിടെയാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്ന് ആഴ്ച സമയം വേണമെന്നാവശ്യപ്പെട്ട് മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍ ഇന്ന് അപേക്ഷ നല്‍കിയത്. അപേക്ഷ തള്ളിയാല്‍ തിങ്കളാഴ്ച തന്നെ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഇല്ലെങ്കില്‍ വാദം കേള്‍ക്കല്‍ വീണ്ടും നീളും. ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം സജീവമായിരിക്കെ കേസ് മാറ്റിവെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാകും. കേസ് തിങ്കളാഴ്ച പരിഗണിക്കുകയും കോടതിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലു നിരീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവ ചര്‍ച്ചയാകും.