LiveTV

Live

National

പ്രിയങ്ക ശക്തയാണ്; സ്ഥാനാരോഹത്തിനുശേഷം ശക്തി ആപ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തൊഴുക്ക്

പിന്തുണ തേടി പ്രിയങ്ക ശക്തി ആപ്പുവഴി ശബ്ധ സന്ദേശമയച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് കിട്ടിയത്

പ്രിയങ്ക ശക്തയാണ്; സ്ഥാനാരോഹത്തിനുശേഷം ശക്തി ആപ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തൊഴുക്ക്

പ്രിയങ്ക ഗാന്ധിയുടെ കടന്ന് വരവ് പാര്‍ട്ടിക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കണക്കുകൾ നിരത്തി കോൺഗ്രസ്. പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രിയങ്ക വന്ന ശേഷം 20 ശതമാനം കൂടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 23നാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രവര്‍ത്തകരുമായി സംവദിക്കാന്‍ തയാറാക്കിയ ശക്തി ആപ്പിന്‍റെ വളര്‍ച്ച. ജനുവരിക്ക് ശേഷം ശക്തി ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 20 ശതമാനം കൂടി. 55 ലക്ഷത്തില്‍ നിന്ന് 66 ലക്ഷമായി ശക്തി ആപ്പ് ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായിരിക്കുന്നത്. ശക്തി ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ശരാശരിയും വര്‍ദ്ദിച്ചിട്ടുണ്ട്. 22 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വളര്‍ച്ച.

പിന്തുണ തേടി പ്രിയങ്ക ശക്തി ആപ്പുവഴി ശബ്ധ സന്ദേശമയച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് കിട്ടിയത്. മികച്ച പ്രതികരണമാണ് കിട്ടുന്നതെന്ന് കോണ്‍ഗ്രസിന്‍റെ ഡാറ്റാ അനലിറ്റിക്കൽ വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ശക്തി ആപ്പിലെ ഈ ചലനം ഉത്തര്‍ പ്രദേശിലെ വോട്ടർമാർക്കിടയിലുണ്ടായിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.