LiveTV

Live

National

കര്‍ണാടകയില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി വന്‍തുക വാഗ്ദാനം ചെയ്തു; ഇപ്പോള്‍ റെയ്ഡ് നടത്തി പക വീട്ടുകയാണെന്ന് ദേവഗൗഡ 

കര്‍ണാടകയില്‍ മന്ത്രിമാരുടെ ഉള്‍പ്പെടെ വസതികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ദേവഗൗഡയുടെ പ്രതികരണം.

കര്‍ണാടകയില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി വന്‍തുക വാഗ്ദാനം ചെയ്തു; ഇപ്പോള്‍ റെയ്ഡ് നടത്തി പക വീട്ടുകയാണെന്ന് ദേവഗൗഡ 

2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാനായി ബി.ജെ.പി നേതാക്കള്‍ എച്ച്.ഡി കുമാരസ്വാമിക്ക് വന്‍ തുക വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി ദേവഗൗഡ. എന്നാല്‍ കുമാരസ്വാമി വാഗ്ദാനം നിരസിച്ചെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ മന്ത്രിമാരുടെ ഉള്‍പ്പെടെ വസതികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ദേവഗൗഡയുടെ പ്രതികരണം.

”തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമാരസ്വാമിയോട് മുംബൈയിലെത്താന്‍ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനതാദളിന്റെ തെരഞ്ഞെടുപ്പ് ചെലവിന് ഉള്‍പ്പെടെ വന്‍തുക വാഗ്ദാനം ചെയ്തു. എന്‍റെ നിലപാട് അറിയാവുന്ന കുമാരസ്വാമി ഉറച്ച തീരുമാനം എടുത്തു. ബി.ജെ.പിയുമായി സഖ്യം വേണ്ടെന്നും അച്ഛന്റെയും ജനങ്ങളുടെയും താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി ബി.ജെ.പി നേതാക്കളെ അറിയിച്ചു"- ദേവഗൗഡ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ താനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെന്നും എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ് താന്‍ ഒഴിവാക്കിയെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതിന്റെ പകയാണ് റെയ്ഡ് നടത്തി ബി.ജെ.പി തീര്‍ക്കുന്നതെന്ന് ദേവഗൗഡ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫീസുകളില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. എന്നിട്ട് അവര്‍ക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. ബി.ജെ.പി തരംതാണ കളിയാണ് കളിക്കുന്നതെന്നും ദേവഗൗഡ വിമര്‍ശിച്ചു.