LiveTV

Live

National

ബിഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ തര്‍ക്കം

ബി.ജെ.പി വിട്ടെത്തിയ എം.പിമാരായ കീര്‍ത്തി ആസാദിനും ശത്രുഘ്‌നന്‍ സിന്‍ഹക്കും സിറ്റിങ് മണ്ഡലങ്ങള്‍ നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം ആര്‍.ജെ.ഡി തയ്യാറായിട്ടില്ല...

ബിഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ തര്‍ക്കം

മത്സരിക്കുന്ന സീറ്റ് സംബന്ധിച്ച് ബിഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ തര്‍ക്കം. ബി.ജെ.പി വിട്ടെത്തിയ എം.പിമാരായ കീര്‍ത്തി ആസാദിനും ശത്രുഘ്‌നന്‍ സിന്‍ഹക്കും സിറ്റിങ് മണ്ഡലങ്ങള്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇത് അംഗീകരിക്കാന്‍ ആര്‍.ജെ.ഡി തയ്യാറായിട്ടില്ല. ഇതോടെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം ഏപ്രില്‍ 6 ലേക്ക് നീട്ടി.

ബി.ജെ.പി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി ഏറ്റുവാങ്ങും എന്നായിരുന്നു അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയെങ്കിലും എ.ഐ.സി.സി ആസ്ഥാനത്ത് നിശ്ചയിച്ച ചടങ്ങ് ഏപ്രില്‍ ആറിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷ നിരയിലെ സീറ്റ് ധാരണ സംബന്ധിച്ച അഭിപ്രായഭിന്നത പുറത്തുവന്നത്.

സിന്‍ഹക്ക് വേണ്ടി പട്‌ന സാഹേബ് സീറ്റ് വിട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇത് അംഗീകരിക്കാനാകില്ല എന്നാണ് ആര്‍.ജെ.ഡി പറയുന്നത്. ഇക്കാര്യത്തില്‍ ഉള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു. ശത്രുഘ്‌നന്‍ സിന്‍ഹ വീണ്ടും സ്ഥാനാര്‍ഥി ആകും എന്ന് മുന്‍ കൂട്ടി കണ്ട് ബി.ജെ.പി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ ആണ് ഇവിടെ സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ എത്തിയ മറ്റൊരു ബി.ജെ.പി എം.പി കീര്‍ത്തി ആസാദിന്റെ ദര്‍ബാങ്ങ് സീറ്റിന്റെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കീര്‍ത്തി ആസാദിന് തന്നെ മണ്ഡലം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

മണ്ഡലം തങ്ങള്‍ക്ക് അനുകൂലം ആണെന്നും ദര്‍ബാങിലെ എം.എല്‍.എയായ അബ്ദുല്‍ ബാരി സിദ്ദീഖി മത്സരിക്കണമെന്നുമാണ് ആര്‍.ജെ.ഡി നിലപാട്. ആകെയുള്ള 40 ലോക്‌സഭ സീട്ടുകളില്‍ ആര്‍.ജെ.ഡി 20, കോണ്‍ഗ്രസ് 9, ആര്‍.എല്‍.എസ്.പി 5, മറ്റ് ചെറു പാര്‍ട്ടികള്‍ക്ക് 7 സീറ്റുകള്‍ എന്നിങ്ങനെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം.