LiveTV

Live

National

യു.പിയില്‍ പീസ് പാര്‍ട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്ത് നാല് എം.എല്‍.എമാര്‍ വരെ ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സഖ്യത്തിലും ഇടം ലഭിച്ചിട്ടില്ല.

യു.പിയില്‍ പീസ് പാര്‍ട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

ഉത്തര്‍ പ്രദേശിലെ പ്രബല മുസ്‌ലിം സംഘടനയായ പീസ് പാര്‍ട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് നാല് എം.എല്‍.എമാര്‍ വരെ ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സഖ്യത്തിലും ഇടം ലഭിച്ചിട്ടില്ല. മഹാസഖ്യവുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടാന്‍ ശ്രമിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ശിവ്പാല്‍ യാദവിന്റെ ഒപ്പം നിന്നാണ് പീസ് പാര്‍ട്ടി തെരഞ്ഞെടുപ്പ് നേരിടുന്നത്.

പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ എക്കാലത്തും വിവാദ സാന്നിധ്യമായിരുന്നു ഡോ. അയൂബ് അധ്യക്ഷനായ പീസ് പാര്‍ട്ടിയുടേത്. ഗൊരഖ്പൂര്‍ മണ്ഡലത്തിലെ പാര്‍ട്ടിയുടെ നിര്‍ണായക സ്വാധീനം മുസ്‌ലിം വോട്ടുകളെ പിളര്‍ത്തിയത് മുതലെടുത്താണ് ആദിത്യനാഥ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ജയിച്ചു കയറിയതെന്ന് ആരോപണമുണ്ട്. നിഷാദ് പാര്‍ട്ടിയായിരുന്നു ഡോ. അയൂബിന്റെ സഖ്യകക്ഷി. 2018ലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയെയും ബി.എസ്.പിയെയും നിഷാദ് പാര്‍ട്ടിയെയും ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ മികച്ച പങ്കു വഹിച്ച ഡോ.അയൂബ് ഈ സഖ്യം ഇത്തവണയും തുടരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 2019ലെ മഹാസഖ്യത്തില്‍ നിന്നും പീസ് പാര്‍ട്ടിയും കോണ്‍ഗ്രസും പുറത്തായി. കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്.

മുസ്‌ലിംകള്‍ സ്വന്തം നേതാക്കളുടെ കീഴില്‍ അണിനിരന്ന് വോട്ട് ചെയ്യരുതെന്നാണ് ഈ മൂന്ന് പാര്‍ട്ടികളുടെയും കാഴ്ചപ്പാട്. മുസ്‌ലിം നേതാക്കളെ അവര്‍ക്ക് ഇല്ലാതാക്കിയേ തീരൂ. യു.പിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തമായ മേല്‍വിലാസമുണ്ടാക്കിയ സംഘടനയാണെങ്കിലും മുഖ്യധാരാ പാര്‍ട്ടികള്‍ക്കകത്തെ വര്‍ഗീയതയാണ് തന്നെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണമായി ഡോ. അയൂബ് ചൂണ്ടിക്കാട്ടുന്നത്.