LiveTV

Live

National

മിസൈല്‍ പരീക്ഷണത്തെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നു; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദിയുടെ ശ്രമമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവും കുറ്റപ്പെടുത്തി

മിസൈല്‍ പരീക്ഷണത്തെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നു; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

മിഷന്‍ ശക്തിയുടെ വിജയപ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ നടത്തിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. പരാജയഭീതിയില്‍ മോദി കളിച്ച നാടകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രധാന പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് എസ്.പിയും കുറ്റപ്പെടുത്തി. മാതൃക പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ടെലിവിഷനിലൂടെ പ്രധാനമന്ത്രി നടത്തിയ മിഷന്‍ ശക്തി വിജയപ്രഖ്യാപനത്തിന് പിന്നാലെ ഡി.ആര്‍.ഡി.ഒക്ക് അഭിനന്ദനവും മോദിക്ക് ലോക നാടകദിനത്തിനാശംസയും നേര്‍ന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍ഗാന്ധി. പിന്നാലെ പൊതുവേദിയില്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചതില്‍ പിന്നെ നരേന്ദ്ര മോദി വിരണ്ടിരിക്കുകയാണ്. ഇന്നത്തെ ടി.വി അഭിസംബോധനയില്‍ പരാജിതന്റെ ശരീരഭാഷയാണ് മോദിക്കെന്നും രാഹുല്‍.

ശാസ്ത്രജ്ഞരുടെ നേട്ടം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മുന്‍ സര്‍ക്കാരുകള്‍ തുടങ്ങിവെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് ടി.വിയിലൂടെ പ്രഖ്യാപിക്കുന്നതിന് കമ്മിഷന്റെ അനുമതി തേടിയിരുന്നോവെന്നും സീതാറാം യെച്ചൂരി നല്‍കിയ പരാതിയില്‍ ചോദിക്കുന്നു. ഒരു അടിയന്തര സുരക്ഷാ സാഹചര്യവുമില്ലാതിരിക്കെ മിസൈല്‍ പരീക്ഷണം നടത്തിയത് രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ആരോപിച്ചു. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദിയുടെ ശ്രമമെന്നാണ് സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണം.