LiveTV

Live

National

ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം; തീരുമാനം വൈകാന്‍ കാരണം സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പമെന്ന് സൂചന

മൂന്ന് സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നാല് സീറ്റ് എ.എ.പിക്ക് നല്‍കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. 

 ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം; തീരുമാനം വൈകാന്‍ കാരണം സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പമെന്ന് സൂചന

ആം ആദ്മി-കോണ്‍ഗ്രസ് സഖ്യതീരുമാനം വൈകുന്നതിന് പിന്നില്‍ സീറ്റ് ഫോര്‍മൂല സംബന്ധിച്ച തര്‍ക്കമാണെന്ന് സൂചന. മൂന്ന് സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നാല് സീറ്റ് എ.എ.പിക്ക് നല്‍കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അതേസമയം ഈ നിര്‍ദേശം അംഗീകരിക്കാന്‍ പഞ്ചാബിലും ഹരിയാനയിലും കൂടി പിന്തുണ നല്‍കണമെന്നാണ് എഎപിയുടെ ആവശ്യം. ഡല്‍ഹി മാത്രമാണെങ്കില്‍ 5 സീറ്റ് വേണമെന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ഫോര്‍മുല.

കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സീറ്റുകള്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സഖ്യതീരുമാനം വൈകാന്‍ ഇടയാക്കുന്നതെന്നാണ് വിവരം. 7 ലോക്സഭ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി സഖ്യം രൂപീകരിക്കാം എന്നതാണ് എ.എ.പി ആദ്യം മുന്നോട്ടുവെച്ച ഫോര്‍മൂല. ഇത് പക്ഷെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. 3 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ പുതിയ ഫോര്‍മൂല കൂടി മുന്നോട്ടുവെച്ച് സഖ്യത്തിനുള്ള സാധ്യത തേടുകയാണ് എ.എ.പി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കണമെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും കൂടി സഖ്യം വേണമെന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പുതിയ ഫോര്‍മുല. ഇക്കാര്യത്തിലെ തര്‍ക്കമാണ് സഖ്യം രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് വിവരം.

പഞ്ചാബില്‍ പക്ഷെ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറല്ല. അതേസമയം ഹരിയാനയില്‍ സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണനയിലാണ്. ഇക്കാര്യത്തില്‍ എ.എ.പി വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ ഡല്‍ഹിയിലും സഖ്യം രൂപീകരിച്ചേക്കും. സഖ്യത്തിനെതിരെ ഷീല ദീക്ഷിത് അടക്കമുള്ളവര്‍ രംഗത്ത് വരാന്‍ കാരണം ഡല്‍ഹിയില്‍ മൂന്ന് സീറ്റ് ലഭിക്കാത്തതിനാലാണെന്നാണ് ലഭിക്കുന്ന വിവരം. ഇരുപാര്‍ട്ടികള്‍‍ക്കുമിടയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് സൂചന.