LiveTV

Live

National

നോട്ട് നിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി; ദൃശ്യങ്ങള്‍ കപില്‍ സിബല്‍  പുറത്തുവിട്ടു

ഇടപാട് നടന്നത് പണം മാറ്റാനുള്ള അവസാന തിയതിക്ക് ശേഷം

നോട്ട് നിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി; ദൃശ്യങ്ങള്‍ കപില്‍ സിബല്‍   പുറത്തുവിട്ടു

നോട്ട് നിരോധനത്തിന്‍‌റെ മറവില്‍ ഗുജറാത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം. കോടികള്‍ കമ്മീഷന്‍ വാങ്ങി ബി.ജെ.പി കേന്ദ്രങ്ങള്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഒളിക്യാമറയില്‍ പതിഞ്ഞു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുമെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.

നോട്ട് നിരോധന സമയത്ത് അഹമ്മദാബാദിലെ ബി.ജെ.പി ഓഫീസിലും ഫാം ഹൌസ് അടക്കമുള്ള കേന്ദ്രങ്ങളിലുമാണ് നോട്ട് മാറ്റല്‍ നടന്നത്‍‍. അമിത് ഷായുണ്ടെന്നും ധൈര്യമായിരിക്കാമെന്നും ഇത് താമരയുടെ കളികള്‍ ആണെന്നും ബി.ജെ.പി നേതാവ് പറയുന്നത് ഒളിക്യാമറയിലുണ്ട്. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ആള്‍ ബന്ധപ്പെട്ട ബി.ജെ.പി പ്രാദേശിക നേതാവ്, പാര്‍ട്ടി ഓഫീസിലേക്ക് വെറും കയ്യോടെ കയറി പിന്നീട് പെട്ടിയുമായി ഇറങ്ങുന്ന ദൃശ്യവും അതിന് ശേഷം അയാളുടെതെന്ന് തോന്നിപ്പിക്കുന്ന ഫാം ഹൌസില്‍ വെച്ച് വില പേശുന്നതും അവിടെ മുറിയില്‍ 50 കോടിയുടെ 2000 രൂപയുടെ നോട്ട് കെട്ടുകള്‍ അടുക്കി വെച്ചതും ദൃശ്യങ്ങളിലുണ്ട്.

നോട്ട്മാറി എടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച സമയം കഴിഞ്ഞ ശേഷം 2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ കൈമാറ്റം നടന്നത്. ട്രൈ കളര്‍ ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വൈബ്സൈറ്റില്‍ നിന്നാണ് വീഡിയോ ലഭിച്ചതെന്നും ആധികാരികത ആര്‍ക്കും പരിശോധിക്കാമെന്നും കപില്‍ സിബല്‍ പറഞ്ഞു.