LiveTV

Live

National

അതിജീവനത്തിന്‍റെ ചിറകുകള്‍

ചുറ്റുപാടിന്‍റെ പരിമിതികളില്‍ നിന്നും ലോകത്തിന്‍റെ നെറുകയിലെത്തിയ ഒരു പതിനൊന്നുകാരന്‍റെ കഥ

അതിജീവനത്തിന്‍റെ ചിറകുകള്‍

ഓര്‍മ്മയെത്തും മുമ്പേ അച്ഛനെ നഷ്ടപ്പെട്ട ഒരു നാട്ടിന്‍ പുറത്തുകാരന്‍ പയ്യന് ജീവിതത്തില്‍ എത്ര മാത്രം ഉയരാനാകും.? ഒരു പഴയ സൈക്കിള്‍ വാങ്ങാന്‍ പോലും പണമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോകേണ്ടി വന്ന ബാല്ല്യം. അച്ഛനില്ലാത്തതിനാല്‍ അമ്മാവന്റെ ഔദാര്യത്തില്‍ വളര്‍ന്ന കൗമാരം. 11-ാം വയസ്സില്‍ ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തില്‍ വിറ്റു. പണമില്ലാത്തതിനാല്‍ ആഗ്രഹങ്ങള്‍ മണ്ണിട്ട് മൂടേണ്ടി വന്ന യൗവ്വനം. ചാറ്റേര്‍ഡ് അക്കൗണ്ടന്റ് എന്ന സ്വപ്നം മനസ്സിലൊളിപ്പിച്ച് കൊമേഴ്‌സ് ബിരുദത്തില്‍ പഠനമവസാനിപ്പിക്കേണ്ടി വന്ന ആ 20 കാരന്‍ പക്ഷെ തന്റെ ജീവിതത്തിന്റെ നൂലിഴകള്‍ തുന്നിയത് ആത്മവിശ്വാസത്തിന്റെ ഉരുക്ക് വള്ളികള്‍ കൊണ്ടായിരുന്നു.

അതിജീവനത്തിന്‍റെ ചിറകുകള്‍

അമ്മാവന്റെ ട്രാവല്‍ ഏജന്‍സിയില്‍ ഒരു ക്ലര്‍ക്കായാണവന്‍ വിജയത്തിന്റെ പടവുള്‍ കയറുന്നത്. ആദ്യത്തെ ജോലി. 300 രൂപ ശമ്പളത്തില്‍ അവന്റെ ഔഗ്യോഗിക ജീവി്തം ആരംഭിക്കുന്നു. പിന്നീട് വളര്‍ച്ചയുടെ നാള്‍. കാലങ്ങള്‍ക്കിപ്പുറം ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒരാളായി മാറിയ അസാധാരണ വ്യക്തിയാണ് നരേഷ് ഗോയല്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വെയ്സിന് ജന്മം നല്‍കുകയും, കാല്‍ നൂറ്റാണ്ടിലേറെ അതിന്‍റെ സാരഥ്യം വഹിക്കുകയും ചെയ്തു അദ്ദേഹം.

ഒടുവില്‍ അറുപത്തിയൊമ്പതാമത്തെ വയസ്സില്‍ ജെറ്റ് എയര്‍വെയ്സിന്‍റെ ഡയറക്ടര്‍ ബോഡില്‍ നിന്നും ഗോയല്‍ പടിയിറങ്ങുകയാണ്. പക്ഷെ പ്രായം തളര്‍ത്താത്ത ആ മനോവീര്യം തെല്ലും കുറയാന്‍ വഴിയില്ല. ബിരുദ പഠനത്തിന് ശേഷം 1967ല്‍ ലബനീസ് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ ജനറല്‍സെയില്‍സ് ഏജന്‍റായതോടെയാണ് നരേഷ് വ്യോമ ഗതാഗത വ്യവസായത്തിന്റെ ഭാഗമാവുന്നത്. ഇറാഖി എയര്‍വെയ്സിന്‍റെ പബ്ലിക്ക് റിലേഷന്‍ മാനേജറായും, ജോര്‍ദാന്‍ എയര്‍ലൈന്‍‌സിന്‍റെ റീജണല്‍ മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അതിജീവനത്തിന്‍റെ ചിറകുകള്‍

മിഡില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. ടിക്കറ്റി്ംങ്ങ്, റിസര്‍വേഷന്‍, സെയില്‍സ് തുടങ്ങി വിവിധ മേഖലകളില്‍ ഗോയല്‍ അഗ്രകണ്ണ്യനായി. ഫിലിപ്പീന്‍സ് എയര്‍ലൈന്‍സിന്‍റെ റീജനല്‍ മാനേജരായി ചുമതലയേല്‍ക്കുന്നതാണ് ഗോയലിന്‍റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഇതോടെ ആ കമ്പനിയുടെ ഇന്ത്യയിലെ മുഴുവന്‍ ചുമതലയും ഗോയലിന് കൈവന്നു. ഇക്കാലമത്രയും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് പഠന കാലമായിരുന്നു. വ്യോമയാന മേഖലയിലെ വാണിജ്യ സാധ്യതകളെ കുറിച്ചും നൂതന ആശയങ്ങളെ കുറിച്ചും ഗോയല്‍ ആഴത്തില്‍ പഠിച്ചു.

അങ്ങനെ 1974ല്‍ ജെറ്റ് എയര്‍ ട്രാന്‍സ്പോട്ടേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വിമാന കമ്പനി ജനിച്ചു. യഥാര്‍ഥത്തില്‍ വിമാനമില്ലാത്ത ഒരു വിമാന കമ്പനിയായിരുന്നു അത് എന്നതാണ് ഏറെ രസകരം. പിന്നീട് 1991ല്‍ ഇന്ത്യയുടെ വ്യോമ ഗതാഗത മേഖല സ്വകാര്യ സംരഭകര്‍ക്ക് തുറന്ന് കൊടുത്തതാണ് ജെറ്റ് എയര്‍വെയ്സിന്‍റെ വ്യോമയാന ചരിത്രത്തില്‍ വഴിത്തിരിവായത്. അങ്ങനെ നരേഷ് ഗോയലിന്‍റെ ഏറെ നാളത്തെ സ്വപ്നം സാധുവാകാന്‍ വഴിയൊരുങ്ങി.

അതിജീവനത്തിന്‍റെ ചിറകുകള്‍

1993 മെയ് അഞ്ചിന് ജെറ്റ് എയര്‍വെയ്സിന്‍റെ ആദ്യ വിമാനം ആകാശത്തേക്ക് കുതിച്ച് പൊങ്ങി. സംഖ്യ ശാസ്ത്രത്തില്‍ ഏറെ വിശ്വസിക്കുന്ന നരേഷിന്‍റെ ഇഷ്ട നമ്പറാണ് അഞ്ച്. ഇത് തന്നെയാണ് മെയ് അഞ്ചിന് ആദ്യ വിമാനം പറത്താന്‍ അദ്ദേഹം തീരുമാനിച്ചതും. ഗള്‍ഫ് എയര്‍, കുവൈത്ത് എയര്‍ എന്നീ കമ്പനികളുടെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍ അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്‍റെ പണമാണ് ഗോയലിന്‍റെ മൂലധനമെന്ന ആരോപണം ഇതിനിടയില്‍ ശക്തമായി.

പക്ഷേ കാലം അദ്ദേഹം നിരപരാധിയാണെന്ന് തെളിയിച്ചു. പിന്നീട് ജെറ്റ് എയര്‍‌വെയ്സിന് നല്ല കാലമായിരുന്നു. ഏഴു ലക്ഷത്തിലേറെ പേരാണ് ജെറ്റ് എയര്‍വെയ്സിന്‍റെ വിമാനങ്ങളില്‍ ആദ്യ വര്‍ഷം തന്നെ ആകാശ സഞ്ചാരത്തിന്‍റെ ഭാഗമായത്. ഇതോടെ നരേഷ് ഗോയലിന്‍റെ പ്രശസ്തിയും വാനോളമുയര്‍ന്നു. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍റെ ബോഡില്‍ അദ്ദേഹം അംഗമായി. രാജ്യാന്തര റൂട്ടുകള്‍, ഐ.പി.ഒ എന്നിങ്ങനെ ജെറ്റ് എയര്‍വെയ്സിന്‍റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 2025 കോടി രൂപക്കാണ് 2007 ല്‍ ജെറ്റ് എയര്‍വെയ്സ് എയര്‍ സഹാറയെ സ്വന്തമാക്കിയത്. കേവലം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ആയപ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി ജെറ്റ് എയര്‍വെയ്സ് മാറി.

അതിജീവനത്തിന്‍റെ ചിറകുകള്‍

17 രാജ്യങ്ങളിലായി 68 കേന്ദ്രങ്ങള്‍, ദിവസം മുന്നൂറിലേറെ സര്‍വീസുകള്‍. ചുരുങ്ങിയ കാലം കെണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ ആറാമനായി തീര്‍ന്നു നരേഷ് ഗോയല്‍. 81,000 കോടി രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ അറ്റ മൂല്ല്യം. പക്ഷേ ആ നല്ല കാലം ഏറെ നാള്‍ നീണ്ടു നിന്നില്ല. കടുത്ത മത്സരത്തില്‍ ജെറ്റ് എയര്‍വെയ്സിന് കാലിടറി. മറ്റുള്ളവര്‍ക്കൊപ്പം ഓടിയെത്താനാകാതെ കളിക്കളത്തില്‍ അവര്‍ തളര്‍ന്നിരുന്നു. താങ്ങാനാകാത്ത കട ബാധ്യതയാണ് ജെറ്റ് എയര്‍വെയ്സിന്‍റെ ചിറകരിഞ്ഞത്. 82,000 കോടി രൂപ കടത്തിലാണിന്ന് കമ്പനി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥ. സര്‍വീസുകള്‍ ഓരോന്നായി വെട്ടിക്കുറച്ചു.

അതിജീവനത്തിന്‍റെ ചിറകുകള്‍

വിഷമസന്ധിയില്‍ ഒപ്പം നില്‍ക്കാന്‍ പോലും ആരുമുണ്ടായില്ലെന്ന് മാത്രമല്ല, കൂടെ നില്‍ക്കേണ്ടവര്‍ തന്നെ പുകച്ച് പുറത്ത് ചാടിക്കാനാണ് ശ്രമിച്ചത്. പങ്കാളിയായിരുന്ന ഇത്തിഹാദ് എയര്‍വേയ്സാണ് അത്യാസന്ന നിലയില്‍ ജെറ്റ് എയര്‍വെയ്സിനെ കൈവിട്ടത്. അങ്ങനെ നരേഷ് ഗോയല്‍ വീണ്ടും ഒറ്റക്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും കര്‍ക്കശമായ നിലപാടെടുത്തു. ഒടുവില്‍ പ്രശ്ന പരിഹാരത്തിനായി ഗോയലടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സ്ഥാനമൊഴിയണമെന്നാണ് തൊഴിലാളികളുള്‍പ്പടെയുള്ളവര്‍ നിര്‍ദ്ദേശിച്ചത്. ഒടുവില്‍ താന്‍ ചോര നീരാക്കിയുണ്ടാക്കിയ സ്വന്തം കമ്പനിയില്‍ നിന്നും ഉള്ള് പൊള്ളുന്ന വേദന കടിച്ചമര്‍ത്തി കൊണ്ട് ഗോയല്‍ പടിയിറങ്ങി. അങ്ങനെ ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിന്‍റെ ഒരു വിപ്ലവയുഗം അവസാനിച്ചു.