LiveTV

Live

National

എ.എ.പി-കോണ്‍ഗ്രസ് സഖ്യം; ഇന്ന് ചേര്‍ന്ന നേതാക്കന്മാരുടെ യോഗത്തില്‍ ധാരണയായില്ല  

തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി

 എ.എ.പി-കോണ്‍ഗ്രസ് സഖ്യം; ഇന്ന് ചേര്‍ന്ന നേതാക്കന്മാരുടെ യോഗത്തില്‍ ധാരണയായില്ല   

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനമായില്ല. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഡല്‍ഹി പി.സി.സി നേതാക്കളുടെ യോഗം ചേര്‍ന്നെങ്കിലും ധാരണയിലെത്താനായില്ല. ഇതേ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നത തുടരുകയാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ രാവിലെ ചേര്‍ന്ന യോഗം ധാരണായാകാതെ പിരിഞ്ഞു. സഖ്യം സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ഭിന്നത യോഗത്തില്‍ നേതാക്കന്മാര്‍ ആവര്‍ത്തിച്ചു.

ഇതോടെയാണ് സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടത്. ഇന്ന് വൈകീട്ടോടെ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കും. സഖ്യമുണ്ടാക്കാന്‍ നിരവധി തവണ എ.എ.പി ക്ഷണിച്ചെങ്കിലും ഡല്‍ഹി കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് സഖ്യചര്‍ച്ചയെ വീണ്ടും സജീവമാക്കിയത്. പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ കോണ്‍ഗ്രസ് പ്രത്യേക സര്‍വെ നടത്തുകയും ഇതില്‍ ഭൂരിഭാഗം പേരും സഖ്യം വേണമെന്ന അഭിപ്രായം എടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. യോഗത്തില്‍ പിസി ചാക്കോ അടക്കമുള്ള എ.ഐ.സി.സി ഭാരവാഹികളും ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത് അടക്കമുള്ള ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുമാണ് പങ്കെടുത്തത്.