LiveTV

Live

National

യു.പിയില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക രോഷം കത്തുന്നു

കഴിഞ്ഞ സീസണില്‍ കൊയ്ത കരിമ്പിന്റെ വില ഇപ്പോഴും കൊടുത്തു തീര്‍ക്കാത്ത മില്ലുകളാണ് യു.പിയില്‍ അധികവും

യു.പിയില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക രോഷം കത്തുന്നു

കരിമ്പുകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇത്തവണയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്കുള്ള കുടിശ്ശിക 10,000 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. വിളവെടുത്ത് ആറു മാസത്തിനകം കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന മോദിയുടെ വാഗ്ദാനം അഞ്ച് കൊല്ലമായിട്ടും നടപ്പാക്കാത്തതിലെ പ്രതിഷേധം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.

കരിമ്പു കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പ്രത്യേകിച്ച് ഒരു പരിഹാരവും യു.പിയിലെയോ കേന്ദ്രത്തിലെയോ സര്‍ക്കാറുകള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ കൊയ്ത കരിമ്പിന്റെ വില ഇപ്പോഴും കൊടുത്തു തീര്‍ക്കാത്ത മില്ലുകളാണ് യു.പിയില്‍ അധികവും.

ലഖ്‌നൗവിലെ കരിമ്പ് കമ്മീഷണറുടെ ഓഫീസ് പുറത്തു വിട്ട ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ഈ കുടിശ്ശിക 10,074.98 കോടി ആയി വര്‍ധിച്ചു. ക്വിന്റലിന് നേരത്തെ ഉണ്ടായിരുന്ന 275 രൂപടെ താങ്ങുവില ഈ വര്‍ഷം 315 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മില്ലുടമകള്‍ ഓരോ ട്രാക്ടറില്‍ നിന്നും ക്വിന്റലുകള്‍ അന്യായമായി വെട്ടിക്കുറക്കുകയാണെന്ന പരാതികള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരും ഉള്‍പ്പെടുന്ന പൂര്‍വ്വാഞ്ചല്‍ മേഖലയിലും കര്‍ഷകരില്‍ അസംതൃപ്തി വ്യാപകമാണ്. ബി.ജെ.പി സഖ്യത്തെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2014ല്‍ മോദി വലിയ പ്രതീക്ഷയായിരുന്നുവെങ്കില്‍ ഇത്തവണ ജനങ്ങളില്‍ ചോദ്യങ്ങളാണ് കൂടുതലുള്ളത്. ഈ ചോദ്യങ്ങള്‍ വോട്ടുകളായി മാറിയാല്‍ കഴിഞ്ഞ തവണ നേടിയ 72 സീറ്റിന്റെ വിജയം ബി.ജെ.പി ആവര്‍ത്തിക്കണമെന്നില്ല എന്നാണ് പ്രദേശവാസികളുടെ കണക്ക് കൂട്ടല്‍.