LiveTV

Live

National

ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; രണ്ടിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പി.ഡി.പി

ജമ്മുവിലും ഉദ്ദംപൂരിലും മത്സരിക്കേണ്ടതില്ലെന്നതാണ് പി.ഡി.പി തീരുമാനിച്ചിട്ടുള്ളത്

ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; രണ്ടിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പി.ഡി.പി

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പീപിൾ ഡെമാക്രാറ്റിക്ക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്താന്‍ പി.ഡി.പി ഉദ്ദേശിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു.

2014 തെരഞ്ഞെടുപ്പിൽ മെഹ്ബൂബ വിജയിച്ച മണ്ഡലമാണ് ആനന്ദ്നാഗ്. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനായി 2016ൽ മുഫ്തി രാജി വെക്കുകയാണുണ്ടായത്.

മെഹ്ബൂബ മുഫ്തിക്ക് പുറമെ, ശ്രീനഗറിൽ നിന്നുള്ള പി.ഡി.പി സ്ഥാനാർഥിയായി അഗാ മുഹ്സിനും ബാരാമുല്ല മണ്ഡലത്തിൽ നിന്നും മുൻ തൊഴിലാളി നേതാവ് അബ്ദുൽ ഖയ്യൂം വാനിയും മത്സരിക്കും. ലഡാക്ക് മണ്ഡലത്തിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെ കുറിച്ച് പാർട്ടിയിൽ തീരുമാനമായിട്ടില്ല.

ജമ്മുവിലും ഉദ്ദംപൂരിലും മത്സരിക്കേണ്ടതില്ലെന്നതാണ് പി.ഡി.പി തീരുമാനിച്ചിട്ടുള്ളത്. ഫാസിസ്റ്റ് ചേരിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാനായാണ് പാർട്ടി മത്സരത്തിൽ നിന്നും പിൻമാറുന്നതെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു.

കോൺഗ്രസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകളി‍ൽ മത്സരിക്കേണ്ടതില്ലെന്ന നാഷണൽ കോൺഫറൻസിന്റെ തീരുമാനത്തിന് പിറകെയാണ് പി.ഡി.പിയും മത്സരത്തിൽ നിന്നും പിൻമാറുന്നത്.