LiveTV

Live

National

കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തില്‍ നിന്ന് പുറത്ത്; ബിഹാറില്‍ കനയ്യ കുമാര്‍ ഇടത് സ്ഥാനാര്‍ഥി

നിലവില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ബേഗുസറായി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി

കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തില്‍ നിന്ന് പുറത്ത്; ബിഹാറില്‍ കനയ്യ കുമാര്‍ ഇടത് സ്ഥാനാര്‍ഥി

സി.പി.ഐ വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ബിഹാറില്‍ ലോക്സഭ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി. ബേഗുസറായി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുക. അതേസമയം സീറ്റ് വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ലോക്സഭ സീറ്റില്‍ മത്സരിക്കുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ വ്യക്തമാക്കി

ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് കനയ്യ കുമാറിനെ ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സി.പി.ഐ തീരുമാനിച്ചത്. സി.പി.ഐക്ക് നല്ല സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുക്കാന്‍ ആര്‍.ജെ.ഡി തയ്യാറായാരുന്നില്ല.

നിലവില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. മുസ്‍ലിങ്ങള്‍ നിര്‍ണായകമായ ഇവിടെ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ തന്‍വീര്‍ ഹസ്സനെ വീണ്ടും മത്സരിപ്പിക്കാനാണ് ആര്‍.ജെ.ഡി നീക്കം.

സീറ്റുവിഭജനത്തിലെ അതൃപ്തിയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസില്‍ തര്‍ക്കത്തിന് കാരണം. രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയും സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് കോണ്‍ഗ്രസ് നന്ദേഡില്‍ ടിക്കറ്റ് നല്‍കി. മത്സരിക്കുമെന്നറിയിച്ചെങ്കിലും രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ ചവാന്‍ തയ്യാറായില്ല .ഭാര്യയും എം.എല്‍.എയുമായ അമിതക്ക് നല്‍കണമെന്നായിരുന്നു ചവാന്റെ ആവശ്യം