LiveTV

Live

National

യെദ്യൂരപ്പ കോടികള്‍ നല്‍കിയെന്ന വെളിപ്പെടുത്തൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസ്

എന്നാല്‍ കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിനെതിരായ ആരോപണങ്ങള്‍ നിരത്തി പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമം 

യെദ്യൂരപ്പ കോടികള്‍ നല്‍കിയെന്ന വെളിപ്പെടുത്തൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസ്

മുഖ്യമന്ത്രി പദത്തിനായി ബി.എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയങ്ങളിൽ ഉൾപ്പെടുത്തി കോണ്‍ഗ്രസ്. യെദ്യൂരപ്പ ഡയറി ആയുധമാക്കി , ബി.ജെ.പിയുടെ മേ ഹീ ചൌക്കിദാറിനെ നേരിടാനാണ് തീരുമാനം . എന്നാല്‍ കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിനെതിരായ ആരോപണങ്ങള്‍ നിരത്തി പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമം

റഫാൽ അഴിമതി മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി കാണിച്ച് മുന്നോട്ടു പോകവെയാണ് കോൺഗ്രസിന് ബി.ജെ.പിക്കെതിരെ ഉപയോഗിക്കാൻ മറ്റൊരായുധം കൂടി വീണു കിട്ടിയിരിക്കുന്നത്. ഒരേസമയം ബി.ജെ.പിയെയും ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണം വരുംദിവസങ്ങളിൽ കോൺഗ്രസിന്റെ പ്രചരണ വേദികളിൽ ഉയർന്നു കേൾക്കും. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ പുറത്ത് വിട്ട് പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമം.

ബംഗളൂരുവിലെ സ്റ്റീല്‍ ഫ്ലൈഓവര്‍ അഴിമതി ആരോപണത്തില്‍ ഒരു ഡയറി ഉണ്ടെന്നും അതില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും പേരുകള്‍ ഉണ്ടെന്നുമാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. അഴിമതി ആരോപണങ്ങളാലും അനധികൃത ധന സമ്പാദനത്തിലും എക്കാലത്തും ഉയർന്നു കേട്ട പേരാണ് ഡി.കെ ശിവകുമാറിന്റെത്. കർണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം പരാജയപ്പെടുത്തിയത് ഡി.കെ ശിവകുമാറിന്റെ നീക്കങ്ങളിലൂടെയായിരുന്നു.

ഇക്കാരണങ്ങളാൽ ഒക്കെത്തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശിവകുമാറിനെ പിന്തുടർന്നിരുന്നു. 2017ല്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലൂടെയായിരുന്നു യെദ്യൂരപ്പ ഡയറി പുറത്ത് വന്നത്. ഡയറിക്കുറിപ്പിന്റെ പകര്‍പ്പ് ശിവകുമാറാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്. എന്നാല്‍ യഥാർത്ഥ ഡയറി കിട്ടിയില്ല. ഉറവിടം വ്യക്തമാക്കാന്‍ ഡി കെ ശിവകുമാര്‍ തയ്യാറായില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. രേഖയുടെ ആധികാരികത തർക്കം നിലനിൽക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുമെന്ന് ഉറപ്പാണ്.

Also read: കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്