LiveTV

Live

National

മോദി ഭരണത്തിന് വീണ്ടും തിരിച്ചടി; പ്രധാനമന്ത്രിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ തമിഴ്നാട്ടിലെ 111 കര്‍ഷകര്‍

അധികാരത്തിലെത്തും മുമ്പ് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് മോദിജി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ, ഇതുവരെ ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മോദിക്കായിട്ടില്ല

മോദി ഭരണത്തിന് വീണ്ടും തിരിച്ചടി; പ്രധാനമന്ത്രിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ തമിഴ്നാട്ടിലെ 111 കര്‍ഷകര്‍

വരാണസിയില്‍ നിന്നും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപ്രതീക്ഷിത തിരിച്ചടി. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കാനൊരുങ്ങി തമിഴ്നാട്ടില്‍ നിന്നും 111 കര്‍ഷകര്‍ രംഗത്ത്. കര്‍ഷകരോഷം ഡല്‍ഹിയിലെ പ്രക്ഷോഭത്തിലേക്ക് വരെയെത്തിച്ച സാഹചര്യത്തില്‍ ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെ പ്രതിഷേധമായാണ് ഇതിനെ ഏവരും നോക്കി കാണുന്നത്. തമിഴ്നാട് കര്‍ഷക നേതാവ് പി. അയ്യാക്കണ്ണാണ് ഈ വിവരം പുറത്ത് വിട്ടത്.

തങ്ങളുടെ ആവശ്യങ്ങള്‍ എപ്പോള്‍ സഫലീകരിക്കപ്പെടുമെന്ന ഉറപ്പ് ലഭിക്കുന്നോ, അന്ന് മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും അയ്യാക്കണ്ണ് പറഞ്ഞു. 2017ല്‍ ഡല്‍ഹിയില്‍ ഇവര്‍ നടത്തിയ 100 ദിവസത്തെ സമരത്തെയും അദ്ദേഹം ഉദ്ദരിച്ചു. മോദിക്കെതിരെ മത്സരിക്കുന്നതില്‍ എല്ലാ കര്‍ഷകരുടെയും അഖിലേന്ത്യ കിസാന്‍ സങ്കര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പിന്തുണയുണ്ടെന്നും അയ്യാക്കണ്ണ് വ്യക്തമാക്കി.

ഞങ്ങള്‍ മോദിക്കോ ബി.ജെ.പിക്കോ എതിരല്ല. അധികാരത്തിലെത്തും മുമ്പ് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് മോദിജി ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴും മോദിയാണ് പ്രധാനമന്ത്രി, ബി.ജെ.പിയാണ് ഭരണകക്ഷി. പക്ഷെ, ഇതുവരെ ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മോദിക്കായിട്ടില്ല. ഈ സ്ഥാനാര്‍ഥിത്വം അതിനെതിരെയുള്ള സമരമാണ്. അയ്യാക്കണ്ണ് പറയുന്നു.

കര്‍ഷക വിളകള്‍ക്ക് ന്യായവില, നാഷണലൈസിഡ്, കോഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭിക്കാന്‍ എളുപ്പമാര്‍ഗ്ഗം, 60 വയസ്സില്‍ മുകളിലുള്ള കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ തുടങ്ങി പല വാഗ്ദാനങ്ങളാണ് ഇപ്പോഴും പാലിക്കാതെയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പൊന്‍ രാധാകൃഷ്ണന്‍ ഈ പ്രശ്നത്തില്‍ പരിഹാരം കാണാമെന്ന ഉറപ്പ് നല്‍കിയാല്‍ പോലും ഈ തീരുമാനത്തില്‍ നിന്നും മാറി നില്‍ക്കാമെന്നും അയ്യാക്കണ്ണ് പറഞ്ഞു.

2018 നവംബറില്‍ രണ്ട് തലയോട്ടികളുമായി കിസാന്‍ റാലിയില്‍ പങ്കെടുക്കാനായി അയ്യാക്കണ്ണിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയിരുന്നു. ആ തലയോട്ടികള്‍ കടം കാരണം ആത്മഹത്യ ചെയ്ത തങ്ങളുടെ സഹ കര്‍ഷകരുടെയാണെന്ന് ഇവര്‍ പറയുകയുണ്ടായത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.