LiveTV

Live

National

സംഝോത എക്സ്പ്രസ് സ്ഫോടന കേസ്: അസീമാനന്ദയടക്കം നാല് പ്രതികളെ വെറുതെ വിട്ടു

ഹരിയാനക്കടുത്തുള്ള പാനിപ്പട്ടില്‍ 2007 ഫെബ്രുവരി എട്ടിനാണ് സ്ഫോടനം അരങ്ങേറിയത്

സംഝോത എക്സ്പ്രസ് സ്ഫോടന കേസ്: അസീമാനന്ദയടക്കം നാല് പ്രതികളെ വെറുതെ വിട്ടു

സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ അസിമാനന്ദ ഉള്‍പ്പെടെ നാല് പ്രതികളെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു.

സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കാട്ടി എന്‍.ഐ.എ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത സ്വാമി അസീമാനന്ദ, കൂട്ടുപ്രതികളായ ലോകേഷ് ശര്‍മ്മ, കമല്‍ ചൌഹാന്‍, രജീന്ദര്‍ ചൌധരി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ഡല്‍ഹി പഞ്ച്ഗുളയിലെ പ്രത്യേക എന്‍.ഐ.എ കോടതി ചൂണ്ടിക്കാട്ടി

സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് വിട്ടയക്കപ്പെട്ട നാല് പേരും. കേസില്‍ ആകെ എട്ട് പേരില്‍ സുനില്‍ജോഷി അന്വേഷണഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടപ്പോള്‍ മൂന്ന് പേരെ പിടികൂടാനായില്ല. 2007 ഫെബ്രുവരി 18നാണ് ലാഹോര്‍-ഡല്‍ഹി സംഝോത എക്സ്പ്രസില്‍ സ്ഫോടനമുണ്ടായത്. 68 പേര്‍ കൊല്ലപ്പെട്ടതില്‍ കൂടുതലും പാകിസ്താന്‍ സ്വദേശികള്‍. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് പ്രതികാരം ചെയ്യാനാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു എന്‍.ഐ.എ കുറ്റപത്രം. പക്ഷെ കുറ്റസമ്മത മൊഴി അസീമാനന്ദ കോടതിയില്‍ മാറ്റി. സാക്ഷികളും കൂറുമാറി. പാകിസ്താന്‍ സ്വദേശികളായ സാക്ഷികള്‍ ഹാജരായതുമില്ല. സമാന സ്വഭാവമുള്ള മക്കാ മസ്ജിദ്, അജ്മീര്‍ സ്ഫോടനക്കേസുകളിലും അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.