LiveTV

Live

National

ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു 

എൻ.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു 

ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എൻ.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വർക്കിങ് പ്രസിഡണ്ടുമാരുടെ യോഗം വിളിച്ചു. സഖ്യത്തിന് കെജരിവാള്‍ തന്നെ മുൻകൈയെടുത്തെങ്കിലും ആം ആദ്മി പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല.

എന്നാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുന്നതിന്‍റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. എൻ.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന്‍റെ നേതൃത്വത്തിലാണ് ഇരുപാർട്ടികളുമായുള്ള മധ്യസ്ഥ നീക്കം. ഷീലാദീക്ഷിത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എതിർത്തതിനെത്തുടർന്ന് ആദ്യഘട്ടത്തിൽ സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു.

ശക്തി ആപ്ലിക്കേഷനിലൂടെ പ്രവർത്തകരുടെ മനസ്സറിയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ നീക്കമാണ് നിർണായകമായത്. രാഹുൽ ഗാന്ധി വൈകാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ അറിയിച്ചു. നേരത്തെ സഖ്യ നീക്കത്തെ എതിർത്ത ഷീലാദീക്ഷിത് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഡൽഹിയിലെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം സംബന്ധിച്ച വിശദമായ ചർച്ച നടത്തും.