LiveTV

Live

National

നിരോധനത്തിന്‍റെ രണ്ടാണ്ട്

2016-ല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ആകെ കറന്‍സി മൂല്യത്തിന്റെ 86 ശതമാനവും പൊടുന്നനെ’നിശ്ചലമായി

നിരോധനത്തിന്‍റെ രണ്ടാണ്ട്

വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറന്‍സി രൂപം കൊണ്ടതാണ് വ്യാപാര- വാണിജ്യ പ്രക്രിയയുടെ അഭിവൃദ്ധിയുടെ ആണിക്കല്ല്. ഇന്ത്യയില്‍ 2016-ല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ആകെ കറന്‍സി മൂല്യത്തിന്റെ 86 ശതമാനവും പൊടുന്നനെ നിശ്ചേതനമായപ്പോള്‍ സമ്പദ് വ്യവസ്ഥയുടെ ഹൃദയാഘാതത്തിനാണ് അത് വഴിയൊരുക്കിയത്‌. ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഒരു രാത്രിയിലാണ് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകെണ്ട് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മേദി ആ പ്രഖ്യാപനം നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ 2016 നവംമ്പര്‍ 8 രാത്രി 8 30 ന്. പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞ് തുടങ്ങി.” ജ്യത്ത് വിനിമയത്തിലിരുന്ന ഏറ്റവും ഉയര്‍ന്ന മൂല്ല്യമുള്ള 1000 ത്തിന്‍റെയും 500 ന്‍റെയും നേട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അസാധുവാക്കിയിരിക്കുന്നു. ഇനിയവ വിനിമയത്തിലുണ്ടാവില്ല.”

അതായത് നാളെ രാവിലെ മുതല്‍ അവക്ക് കടലാസിന്‍റെ പോലും വിലയുണ്ടാകില്ല എന്ന് സാരം. ഏറെ ആശങ്കകള്‍ ബാക്കിയാക്കിയാണ് പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ആദ്യം കേട്ടവര്‍ക്ക് നടപടിയുടെ തീവ്രത വ്യക്തമായി മനസ്സിലായില്ല. കൂടുതല്‍ പേരും നോട്ട് നിരോധനം പ്രാബല്ല്യത്തില്‌‍ വന്നത് മനസ്സിലാക്കുന്നത് പിറ്റേന്ന് രാവിലെയാണ്. പഴയ നോട്ടുകളുമായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയവരും, പണമിടപാടിനായി ബാങ്കുകളിലെത്തിയവരും അക്ഷരാര്‍ഥത്തില്‍ സ്ഥംഭിച്ചിരുന്നു. ഇനിയെന്ത് എന്നതിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ലായിരുന്നു. പിന്നീടുള്ള ദിനങ്ങള്‍ ദുരിതത്തിന്‍റെതായിരുന്നു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം റേഷനായി ലഭിക്കാന്‍ പൊരി വെയിലില്‍ ജനങ്ങള്‍ ക്യൂവില്‍ നിന്നു. 170ലേറെ പേര്‍ക്ക് നോട്ട് നിരോധനത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടമായി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാണ്ടുകള്‍ പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്ന് പരിശോധിക്കാം.

നിരോധനത്തിന്‍റെ രണ്ടാണ്ട്

നോട്ട് നിരോധനത്തിന്‍റെ അനന്തര ഫലങ്ങള്‍

1) കള്ളപണ നിരോധനം

രാജ്യത്ത് വിനിമയത്തിലിരുന്ന പണത്തിന്‍റെ 30 ശതമാനവും കള്ള പണമാണെന്നും ഇത് ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയോളമുണ്ടെന്നുമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത്. ഈ പണം നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നുമെന്നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ നിരോധിച്ച നോട്ടിന്‍റെ 99.3 ശതമാനം നോട്ടുകളും ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തി. കണക്കനുസരിച്ച് ആകെ തിരിച്ചെത്താത്ത നോട്ടുകള്‍ 10,720 കോടി രൂപയുടെ മാത്രം മൂല്യമുള്ളതാണ്. അതോടെ ആ വാദം പൊളിഞ്ഞു. കള്ളപ്പണം എന്നാണ് പേരെങ്കിലും ഇതിലെ ചെറിയൊരു ഭാഗം മാത്രമേ പണ രൂപത്തില്‍ ഉള്ളൂ.

മഹാ ഭൂരിപക്ഷം കള്ളപ്പണവും റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി, ഓഹരികള്‍, വിദേശ നിക്ഷേപങ്ങള്‍ തുടങ്ങിയ രൂപങ്ങളിലാണ് ശേഖരിക്കപ്പെടുക. ഏതാണ്ട് 150 ലക്ഷം കോടിയുടെ ജി ഡി പിയാണ് ഇന്ത്യയുടേത്. ധനവകുപ്പിന്റെ പഠനങ്ങള്‍ പോലും ജി ഡി പി യുടെ 20% വരും കള്ളപ്പണം എന്ന് കണക്കാക്കിയിരിക്കുന്നു. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ പഠനങ്ങള്‍ നടത്തിയ ഡോ. എന്‍ എസ് അരുണ്‍ കുമാര്‍ പറയുന്നത് ഇന്ത്യന്‍ ജി.ഡി.പി യുടെ 63 % ലേറെ കള്ളപ്പണെന്നാണ്.

ഏതാണ്ട് 95 ലക്ഷം കോടി രൂപയുടെ മൂല്യം. ഈ കള്ളപ്പണത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ് നോട്ട് രൂപത്തില്‍ ഉണ്ടാവുക. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പോലും അത് ജി ഡി പി യുടെ 5% ല്‍ താഴെ മാത്രമേ ഉണ്ടാകൂ. അതായത് ഇനി യാഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനത്തിന് നോട്ട് രൂപത്തിലെ കള്ളപ്പണം പിടിക്കാനായാല്‍ പോലും അതിവിപുലമായ ബ്‌ളാക്ക് ഇക്കോണമിയെ സ്പര്‍ശിക്കാന്‍ പോലും അതിന് കഴിയുമായിരുന്നില്ല. നോട്ട് നിരോധനത്തിന്റെ ഭാഗമായി പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനും അനുബന്ധ ചെലവുകള്‍ക്കുമായി 21000 കോടി രൂപ റിസര്‍വ്വ് ബാങ്കിന് ചെലവായെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കണം.

നിരോധനത്തിന്‍റെ രണ്ടാണ്ട്

2) കള്ളനോട്ട് നിരോധനം

ഇന്ത്യയിലെ മുഴുവന്‍ കള്ളനോട്ടുകളും നിരോധിക്കുകയും,അതുവഴി രാജ്യത്ത് നിലനില്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ തകര്‍ക്കുക എന്നതുമായിരുന്നു നോട്ട് നിരോധനത്തിന്‍റെ മറ്റൊരു ലക്ഷ്യം. എന്നാല്‍ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ പഠന പ്രകാരം മൊത്തം നോട്ടുകളുടെ 0.025 % മാത്രമാണ് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നത്, ഇതാകട്ടെ അങ്ങേയറ്റം 400 കോടി രൂപ വരും. 2015-16 ല്‍ ഇന്ത്യയിലെ ബാങ്കുകളും പോലീസും ആകെ കണ്ടെത്തിയ കള്ളനോട്ടുകള്‍ മൊത്തം നോട്ടിന്റെ 0.002 % (500 രൂപ), 0.009 % (1000 രൂപ) ഉം ആണ്. നോട്ടു നിരോധിച്ച നവംബര്‍ 8 മുതല്‍ 2017 ഡിസംബര്‍ 31 വരെ 21.54 കോടിയുടെ കള്ളനോട്ടുകളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഇതില്‍ പുതിയ 2000 രൂപയുടെ 39,604 നോട്ടുകളും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തതാകട്ടെ മോദിയുടെ സ്വന്തം ഗുജറാത്തില്‍ നിന്നും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ് വസ്ഥയിലെ തികച്ചും അപ്രസക്തമായ വളരെ ചെറിയ ഭാഗം കള്ളനോട്ടുകളെ പിടിച്ചെടുക്കാന്‍ പോലും നോട്ട് നിരോധനത്തിന് കഴിഞ്ഞില്ലെന്നു മാത്രമല്ല 2000 ന്റെ നോട്ട് വന്നതോടെ കള്ളനോട്ടടിക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്തു.

3) അഴിമതി നിരോധനം

രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതി തുടച്ച് നീക്കുക എന്നതായിരുന്നു മറ്റെരു അവകാശ വാദം. എന്നാല്‍ ഈ വാദത്തിലെ ഔചിത്യം ഇപ്പോഴും അവ്യക്തമാണ്. കൂടുതല്‍ മൂല്ല്യമുള്ള നോട്ടുകള്‍ വന്നതോടെ കയ്യിട്ട് വാരല്‍ കൂടുതല്‍ എളുപ്പമായി എന്നതാണ് വാസ്തവം. റാഫേല്‍ അഴിമതിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന ഈ കാലത്ത് അഴിമതിരഹിത ഭാരതത്തെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. നീരവ് മോഡിമാര്‍ക്കും,വിജയ് മല്ല്യമാര്‍ക്കും രാജ്യത്തിന്‍റെ പൊതു ഘജനാവ് കൊള്ളയടിക്കാന്‍ അവസരമെരുങ്ങിയതിന്‍റെ പശ്ചാത്തലവും മറ്റൊന്നല്ല.

നിരോധനത്തിന്‍റെ രണ്ടാണ്ട്

4) ക്യാഷ് ലെസ്സ് ഇക്കോണമി

പേപ്പര്‍ കറന്‍സിക്ക് പകരം പൂര്‍ണ്ണമായും ഡിജിറ്റല്‍ സമ്പത്ത് വ്യവസ്തയിലേക്ക് രാജ്യത്തെ മാറ്റുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്‍റെ അടുത്ത ലക്ഷ്യം. എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പേലെ തന്നെ ക്യാഷ് ലെസ്സ് ഇക്കോണമി അഥവ പണമില്ലാത്ത സമ്പത്ത് വ്യവ്സതയായി മാറുന്നതാണ് രാജ്യം പിന്നീട് കണ്ടത്. ഇനി തീവ്രവാദത്തിന്റെ വേരറുക്കുന്ന കാര്യത്തിലോ. ഈ കാലയളവിലാണ് കാശ്മീരിലെ സ്ഥിതി ഏറ്റവും രൂക്ഷമായത്. സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ കണക്ക് പ്രകാരം 2016 നു ശേഷം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. പിന്നെന്തിനായിരുന്നു രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലെടിച്ച ഊ തുഗ്ലക്ക് പരിഷ്ക്കാരങ്ങള്‍.

നോട്ട് നിരോധനം നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 3 മണിക്കൂറുകള്‍ക്ക് മുമ്പ് ആര്‍.ബി.ഐയിലെ മുതിര്‍ന്ന ഉദ്ദ്യേഗസ്ഥര്‍ തന്നെ തങ്ങളുടെ വിയോജിപ്പ് ഉന്നത കേന്ദ്രങ്ങളെ അറിയിച്ചിരുന്നു. നേട്ട് നിരോധനം നടപ്പിലാക്കിയാല്‍ ജി.ഡി.പി നിരക്ക് 2.6 ശതമാനമെങ്കിലും താഴുമെന്നും നാടിന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം എതിര്‍പ്പുകെല്ലാം മറി കടന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി മുന്നോട്ട് പോയി. പ്രവചനം സത്യമായി ഇന്ത്യയുടെ ജി.ഡി.പി നിരക്ക് 2.4 ശതമാനം കുറഞ്ഞ് 7.6 ശതമാനമായി.ചെറുകിട,ഇടത്തരം വവ്യവസായങ്ങള്‍ തകര്‍ന്ന് തരിപ്പണമായി.

സാധാരണക്കാരന്‍റെ ആശ്രയമായിരുന്ന സഹകരണ സംഘങ്ങള്‍ നാമാവശേഷമായി. രാജ്യത്ത് 15 മുതല്‍ 25 ലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ രാജ്യത്തുണ്ടായി എന്നാണ് കണക്കുകള്‍ പറഞ്ഞുവെക്കുന്നത്.ചുരുക്കത്തില്‍ ക്യത്യമായ പഠനമോ, ആസൂത്രണമോ നടത്താതെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കായി നടപ്പാക്കിയ ഒരു തുഗ്ലക്ക് പരിഷ്ക്കാരമായിരുന്നു നോട്ട് നിരോധനമെന്ന് നിസ്സംശയം പറയാം.