LiveTV

Live

National

യു.പിയില്‍ കോണ്‍ഗ്രസ് വാഗ്ദാനം തള്ളി എസ്.പിയും ബി.എസ്.പിയും

യു.പിയില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ തങ്ങള്‍ മതിയെന്ന് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചു.

യു.പിയില്‍ കോണ്‍ഗ്രസ് വാഗ്ദാനം തള്ളി എസ്.പിയും ബി.എസ്.പിയും

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം തള്ളി എസ്.പിയും ബി.എസ്.പിയും. എസ്.പി - ബി.എസ്.പി നേതാക്കള്‍ക്കായി സീറ്റുകള്‍ ഒഴിച്ചിടാമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും യു.പിയില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ തങ്ങള്‍ മതിയെന്നും അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചു.

അഖിലേഷ് യാദവിന്റെ കനൌജ്, ഭാര്യ ഡിംപിള്‍ യാദവിന്റെ ഫിറോസാബാദ് തുടങ്ങി എസ്.പി - ബി.എസ്.പി നേതാക്കള്‍ മത്സരിക്കാനിടയുള്ള ഡസനോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപനം. തങ്ങളെ ഒഴിവാക്കി സഖ്യം രൂപീകരിച്ച എസ്.പി - ബി.എസ്.പി പാര്‍ട്ടികളുമായി നീക്കുപോക്കിന് വഴിതുറക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ പദ്ധതി. എന്നാല്‍ സഖ്യമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നായിരുന്നു മായാവതിയുടെ മറുപടി. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്നും മായാവതി അസന്നിഗ്ധമായി വ്യക്തമാക്കി.

പിന്നാലെയാണ് അഖിലേഷ് യാദവും കോണ്‍ഗ്രസ് വാഗ്ദാനം നിരസിച്ചത്. എസ്.പി - ബി.എസ്.പി -ആര്‍.എല്‍.ഡി സഖ്യത്തിന് ബി.ജെ.പിയെ തോല്‍പിക്കാനാവുമെന്നും കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു. മായാവതിയെയും അഖിലേഷിനെയും അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്.