LiveTV

Live

National

30 ദിവസത്തേക്കുള്ള  വിലക്ക് പിന്‍വലിച്ച് പേജ് തിരികെ നല്‍കി; സംഘപരിവാര്‍ വിമര്‍ശകന്‍ ധ്രുവ് രതിയോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് 

30 ദിവസത്തേക്കുള്ള  വിലക്ക് പിന്‍വലിച്ച് പേജ് തിരികെ നല്‍കി; സംഘപരിവാര്‍ വിമര്‍ശകന്‍ ധ്രുവ് രതിയോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് 

രാഷ്ട്രീയ നിരീക്ഷകനും മോദി വിമര്‍ശകനുമായ ധ്രുവ് രതിയുടെ പേജിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മുപ്പത് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഫേസ്ബുക്ക് പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച സന്ദേശം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ധ്രുവ് വിലക്ക് നീക്കിയ കാര്യം സ്ഥിരീകരിച്ചത്. മുപ്പത് ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെയാണ് ധ്രുവ് രതി ട്വിറ്ററില്‍ പോസ്റ്റിട്ടത്.

തെരഞ്ഞെടുപ്പിന് 30 നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ പേജ് ബാന്‍ ചെയ്യപ്പെട്ടതെന്നും മോദിയുടെ ഔദ്യോഗിക പേജ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എന്‍ഗേജ്‌മെന്റ് റേറ്റുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന തന്റെ പേജ് ഈ ഘട്ടത്തില്‍ വിലക്കിയതിന് പിന്നില്‍ യാദൃശ്ചികതയില്ലെന്നാണ് ധ്രുവ് രതി ട്വിറ്ററില്‍ കുറിച്ചത്. ഫേസ്ബുക്ക് പേജ് വിലക്കിയിട്ടുള്ള ഫേസ്ബുക്കില്‍ നിന്നുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നല്‍കിയായിരുന്നു ധ്രുവ് രതിയുടെ വിമര്‍ശനം.

ജര്‍മ്മന്‍ ഏകാതിപധി ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിലക്കിന് കാരണമെന്നാണ് പറയപ്പെടുന്നത്. ‘ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ’ എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരാണ് പ്രസ്തുത പോസ്റ്റ് എന്ന് പറഞ്ഞാണ് പേജിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ആക്ഷേപകരമോ അപമാനകരോ ആയ ഒരു വാക്കുപോലും ആ പോസ്റ്റില്‍ ഇല്ലെന്നും ധ്രുവ് വ്യക്തമാക്കിയിരുന്നു.

തെറ്റിദ്ധാരണകള്‍കൊണ്ടാണ് വിലക്ക് സംഭവിച്ചതെന്നും പരിശോധനകള്‍ക്ക് ശേഷം പേജ് പുനസ്ഥാപിച്ചെന്നും ഒരു തരത്തിലുള്ള ബ്ലോക്കുകളും പേജിനില്ലെന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന് ഖേദം അറിയിക്കുന്നെന്നുമായിരുന്നു ഫേസ്ബുക്ക് ധ്രുവ് രതിയ്ക്ക് നല്‍കിയ മറുപടി. സംഘപരിവാറിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ഒറ്റക്ക് പോരാട്ടം നടത്തുന്ന വ്യക്തിയാണ് ധ്രുവ് രതി എന്ന ചെറുപ്പക്കാരന്‍. യൂട്യൂബിലൂടേയും, ഫേസ്ബുക്കിലൂടേയുമാണ് ധ്രുവ് റാഠിയുടെ പോരാട്ടം. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്ട്രൈക്ക്സ്, നോട്ടുനിരോധനം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം ഹാക്കിങ് തുടങ്ങിയ വിഷയങ്ങളെയെല്ലാം വിമര്‍ശിച്ച് ധ്രുവ് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.