LiveTV

Live

National

ന്യൂസിലാന്‍റ് ഭീകരാക്രമണം: 5 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ന്യൂസിലാന്‍റ് ഭീകരാക്രമണം: 5  ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന്  സ്ഥിരീകരണം

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന് തൊട്ട് മുമ്പ് പ്രതി ഇ- മെയിൽ സന്ദേശം അയച്ചെന്ന വാർത്ത പ്രധാനമന്ത്രി ജസീന്ത ആർഡൻ സ്ഥിരീകരിച്ചു.

ആക്രമണത്തിൽ മരിച്ച മലയാളി അൻസിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.

ന്യൂസിലാന്‍റിലെ ലിൻകോൺ സർവകലാശാലയിലെ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മന്റ് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ പരിക്കുകളോടെ ചികിത്സയിലാണ്. അൻസിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടിൽ എത്തിക്കാനാകുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു.

വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി മൂസാ വാലി സുലേമാന്‍ പട്ടേല്‍ മരിച്ചെന്ന് സഹോദരന്‍ അറിയിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായില്ല. തെലങ്കാന സ്വദേശി ഫറാജ് അഹ്സാനും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രതി ബ്രന്റണ്‍ ടറാന്റ് ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.