LiveTV

Live

National

വീടുകളും ക്ഷേത്രങ്ങളും പൊളിച്ച് കാശിയില്‍ മോദിയുടെ നിര്‍മ്മാണ പദ്ധതി 

പതിറ്റാണ്ടുകളായി നിരോധിത മേഖലയായി നിലകൊള്ളുന്ന ഈ സമുഛയത്തിനകത്ത് പ്രധാനമന്ത്രി എങ്ങനെ തറക്കല്ലിട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്

വീടുകളും ക്ഷേത്രങ്ങളും  പൊളിച്ച് കാശിയില്‍ മോദിയുടെ നിര്‍മ്മാണ പദ്ധതി 

വീടുകളും ക്ഷേത്രങ്ങളും തകര്‍ത്ത് കാശിയില്‍ പ്രധാനമന്ത്രിയുടെ വന്‍ നിര്‍മ്മാണ പദ്ധതി. നരേന്ദ്ര മോദി തറക്കല്ലിട്ട 600 കോടി രൂപ ചെലവുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിക്ക് വേണ്ടി ഗ്യാന്‍വാപി മസ്ജിദിന് ചുറ്റുമുള്ള 250ഓളം കെട്ടിടങ്ങള്‍ ഇതിനകം തകര്‍ത്തു കഴിഞ്ഞു. കാശി ഇടനാഴി പദ്ധതി ഗ്യാന്‍വാപി മസ്ജിദിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വീടുകള്‍ക്കും കടകള്‍ക്കും പുറമെ, 50ല്‍പരം ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടതോടെ ബനാറസില്‍ കടുത്ത പ്രതിഷേധമാണ് ഇരു സമുദായങ്ങളിലും രൂപം കൊള്ളുന്നത്.

ഗംഗാനദിയിലെ മണികാര്‍ണികാ, ലളിത് എന്നീ കടവുകളെ വിശ്വനാഥ ക്ഷേത്രവുമായി ബന്ധിപ്പിക്കാനാനാണ് പുതിയ പദ്ധതിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബനാറസിനെ ജപ്പാനിലെ ക്യോട്ടോ നഗരത്തിന്റെ മാതൃകയില്‍ വികസിപ്പിക്കുമെന്നും പദ്ധതിക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥക്ഷേത്രവും ഗ്യാന്‍വാപി മസ്ജിദും ബനാറസിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഈ പദ്ധതി ഭാവിയില്‍ മസ്ജിദിന് ദോഷം ചെയ്യുമെന്നുമാണ് പ്രദേശവാസികളുടെ പരാതി.

വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് തടിച്ചു കൂടാന്‍ പാകത്തിലാണ് സമുഛയത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനകത്ത് നാലോ അഞ്ചോ ലക്ഷം ജനങ്ങളെ വിളിച്ചു കൂട്ടി ഭാവിയില്‍ ഇവരുടെ അജണ്ട നടപ്പിലാക്കുകയാണ് ലക്ഷ്യം.

ഈ ഭാഗത്ത് നിരവധി വീടുകളിലും അല്ലാതെയും ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളും മറ്റും എടുത്തു കൊണ്ടുപോയി തോട്ടിലിട്ടു. ഇവിടത്തെ സന്യാസിമാരും സന്തുക്കളുമൊക്കെ ഇക്കാര്യത്തില്‍ അങ്ങേയറ്റം ദുഖിതരാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി നിരോധിത മേഖലയായി നിലകൊള്ളുന്ന ഈ സമുഛയത്തിനകത്ത് പ്രധാനമന്ത്രി എങ്ങനെ തറക്കല്ലിട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്യാന്‍വാപി തര്‍ക്കത്തെ കുത്തിപ്പൊക്കാനാണ് മസ്ജിദിന്റെ മുറ്റത്ത് നരേന്ദ്ര മോദി തറക്കല്ലിട്ടതെന്ന് മുസ്‌ലിം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പച്ചയായ നിയമ ലംഘനം മാത്രമല്ല ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിയരക്കുക കൂടിയാണ് പദ്ധതിയിലൂടെ ഉണ്ടായതെന്നും അവര്‍ പറയുന്നു.