LiveTV

Live

National

മോദി ഏറ്റവുമധികം വഞ്ചിച്ചത് രാജ്യത്തെ കര്‍ഷകരെയെന്ന് രാഹുല്‍

‘വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെ പ്രഖ്യാപിക്കുകയുണ്ടായെങ്കിലും, ഒന്നും തന്നെ നടപ്പിലാക്കാൻ മോദി ശ്രമിച്ചില്ല’

മോദി ഏറ്റവുമധികം വഞ്ചിച്ചത് രാജ്യത്തെ കര്‍ഷകരെയെന്ന് രാഹുല്‍

മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കർഷകർക്കായിരിക്കുമെന്ന് പറഞ്ഞ രാഹുൽ, മോദി ചെയ്ത പോലെ പാഴ്‍വാക്കുകൾ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി.

ഒഡിഷയിൽ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈയടുത്ത് പാർട്ടി അധികാരത്തിൽ വന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വാക്ക് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

ചത്തീസ്ഗഡിൽ അധികാരമേറ്റുടൻ കർഷക കടങ്ങൾ എഴുതി തള്ളുകയും നെല്ലിന്റെ താങ്ങുവില 2,500 രൂപയാക്കി ഉയർത്തുകയും ചെയ്തു സർക്കാർ. രാജ്യത്തെ കർഷകർ ഒറ്റക്കല്ലെന്ന സന്ദേശം നൽകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

നന്നായി പ്രസംഗിക്കാനറിയുന്ന വ്യക്തിയാണ് മോദി. വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെ പ്രഖ്യാപിക്കുകയുണ്ടായെങ്കിലും, ഒന്നും തന്നെ നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് രാജ്യത്ത് ഒരുമയുടെ ആശയം പ്രചരിപ്പിക്കുമ്പോൾ, ജാതിയുടെയും, മതത്തിന്റെയും വംശത്തിന്റെയും പേരിൽ വിഭജിക്കുന്നതാണ് മോദിയും സംഘവും ചെയ്യുന്ന പണിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.