LiveTV

Live

National

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കപ്പെടാന്‍ യോഗ്യര്‍ എന്നതുമായി ബന്ധപ്പെട്ട തര്‍ക്കവിതര്‍ക്കങ്ങളുടെ പേരിലാണു നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലയളവ് അടയാളപ്പെടുത്തപ്പെടുക. വിവാദപരമായ ഒരു ബില്ലും ബ്യൂറോക്രാറ്റിക്ക് തലത്തിലെ നടപടിയുമാണ് ഈ ചര്‍ച്ചയുടെ കേന്ദ്രബിന്ദു.

2016-ലാണ് സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ കൊണ്ടുവരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷം താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. ഇതുപ്രകാരം, 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു- ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന്- നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും

2018 ജനുവരിയില്‍ ലോക്‌സഭ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അതായതു ബില്‍ തള്ളിപ്പോകാനാണു സാധ്യത. അതേസമയം, അസം ദേശീയ പൗരത്വ പട്ടിക (സംസ്ഥാനത്തു ജീവിക്കുന്ന യഥാര്‍ഥ ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക) 1951-നു ശേഷം ആദ്യമായി പുതുക്കപ്പെടുകയാണ്. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. ഇതുപ്രകാരം, 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു- ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന്- നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും.

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

പൗരത്വം എന്നതിനു വിവാദപരവും പരസ്പരവിരുദ്ധവുമായ നിര്‍വചനങ്ങള്‍ നല്‍കുന്നതാണ് പൗരത്വ ബില്ലിന്റെയും പൗരത്വ പട്ടികയുടെയും വ്യവസ്ഥകള്‍. 'അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍' എന്ന ഭീഷണി ദശാബ്ദങ്ങളായി രാഷ്ട്രീയ രംഗത്ത് ഒഴിയാബാധയായി നിലനില്‍ക്കുന്ന, പൗരത്വവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കുന്ന ദശലക്ഷകണക്കിനു പേര്‍ അധിവസിക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രസ്തുത ബില്ലും പട്ടികയും വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്‍ എന്തിനു വേണ്ടി?

2014 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ അസമില്‍ പ്രചാരണം നടത്തുന്ന സമയത്ത്, മറ്റുരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുമതവിശ്വാസികളെ ഇന്ത്യ സ്വീകരിക്കണമെന്ന് മോദി പറയുകയുണ്ടായി. മുസ്‌ലിം 'നുഴഞ്ഞുകയറ്റക്കാരെയും', ഹിന്ദു 'അഭയാര്‍ഥികളെയും' കൃത്യമായി വേര്‍തിരിക്കുന്നതായിരുന്നു മോദിയുടെ ആ പ്രസ്താവന. ഇന്ത്യ ഹിന്ദുക്കളുടെ 'ജന്മഭൂമി' ആണെന്ന ആശയവും ആ വര്‍ഷത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുന്നോട്ടുവെച്ചിരുന്നു.

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

2014-നു മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന പാസ്‌പോര്‍ട്ട് ഭേദഗതി നിയമം (the Passport (Entry into India) Amendment Rules) 2015-ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് അവതരിപ്പിച്ചു.

ജനുവരി 4-ന് അസമിലെ ബറക് താഴ്‌വരയിലെ സില്‍ച്ചാറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ, 'വിഭജനത്തിന്റെ അനീതി'ക്ക് പ്രായശ്ചിത്തമാണു പൗരത്വ ഭേദഗതി ബില്‍ എന്നാണു മോദി പറഞ്ഞത്. 'ഭാരതാംബയുടെ മക്കള്‍ പീഡനത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുമ്പോള്‍, നാം അവര്‍ക്കു അഭയം നല്‍കേണ്ടതില്ലെ?' അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ യുക്തിയുടെ പ്രശ്‌നങ്ങള്‍

പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പ്രസ്തുത ബില്‍ എന്ന ബി.ജെ.പിയുടെ അവകാശവാദം ശക്തമായി തന്നെ എതിര്‍ക്കപ്പെട്ടു. അടുത്തിടെ, ബില്ലിനെ കുറിച്ചു പഠിക്കാനായി ചുമതലപ്പെടുത്തപ്പെട്ട ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയിലെ മൂന്ന് അംഗങ്ങള്‍ തങ്ങളുടെ വിയോജന കുറിപ്പ് സമര്‍പ്പിച്ചിരുന്നു. മാനുഷിക പ്രേരണകളാണു പ്രസ്തുത ബില്ലിന് ആധാരമെങ്കില്‍, കുടിയേറ്റക്കാരോടു രാജ്യത്തിന്റെയും മതത്തിന്റെയും പേരില്‍ വിവേചനം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. ഉപഭൂഖണ്ഡത്തിലെ അയല്‍രാജ്യങ്ങളെയാണു അതു ലക്ഷ്യംവെക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബില്ലിന്റെ പരിധിയില്‍ വരാത്തത്?

ജനുവരി 4-ന് അസമിലെ ബറക് താഴ്‌വരയിലെ സില്‍ച്ചാറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ, ‘വിഭജനത്തിന്റെ അനീതി’ക്ക് പ്രായശ്ചിത്തമാണു പൗരത്വ ഭേദഗതി ബില്‍ എന്നാണു മോദി പറഞ്ഞത്. ‘

ഒരുവശത്ത് ബില്ലില്‍ പരാമര്‍ശിക്കപ്പെട്ട കമ്യൂണിറ്റികളെ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, മറുവശത്ത് ബര്‍മയിലെ വംശീയ ഉന്‍മൂലനത്തില്‍ നിന്നും രക്ഷതേടിയെത്തിയ റോഹിങ്ക്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ തിരിച്ച് അങ്ങോട്ടു തന്നെ നാടുകടത്തുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ഹിന്ദു ദേശീയതയും അസമീസ് ഉപ-ദേശീയതയും

ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദം അസമീസ് ഉപ-ദേശീയവാദവുമായി ഏറ്റുമുട്ടുകയും, 1979-ല്‍ തുടങ്ങി ആറു വര്‍ഷം നീണ്ടു നിന്ന വിദേശി-വിരുദ്ധ മുന്നേറ്റത്തിനു തിരികൊളുത്തുകയും ചെയ്തിരുന്നു. വലിയ അളവിലുള്ള കുടിയേറ്റ പ്രവാഹം ഉണ്ടായ ഒരു പ്രദേശമാണ് ഈ അതിര്‍ത്തി സംസ്ഥാനം. ആദ്യം ബംഗാളിന്റെ കൊളോണിയല്‍ പ്രവിശ്യയില്‍ നിന്നും, പിന്നീട് ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നും, അവസാനമായി ബംഗ്ലാദേശില്‍ നിന്നുമാണ് കുടിയേറ്റ തരംഗം ഉണ്ടായത്. തദ്ദേശീയരായ അസമുകാര്‍ക്ക് സ്വന്തമായൊരു മാതൃരാജ്യം വേണമെന്ന ആവശ്യത്തോടൊപ്പം, വിദേശികളെ പുറത്താക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു.

1985-ലെ അസം ഉടമ്പടിയോടെയാണ് പ്രക്ഷോഭം അവസാനിച്ചത്. 1971-ന് ശേഷം രാജ്യത്തു പ്രവേശിച്ച എല്ലാ 'വിദേശികളെയും', അവര്‍ ഏതു മതക്കാരുമായിക്കൊള്ളട്ടെ, കണ്ടെത്താനും നാടുകടത്താനുമുള്ള വ്യവസ്ഥകള്‍ പ്രസ്തുത ഉടമ്പടിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു. അസം ഉടമ്പടിയിലെ വ്യവസ്ഥകളാണ് പുതിയ ദേശീയ പൗരത്വ പട്ടികയെയും നിയന്ത്രിക്കുന്നത്.

പൗരത്വ പട്ടിക പുതുക്കുന്ന സര്‍ക്കാര്‍ നടപടി അസമില്‍ മുസ്‌ലിംകള്‍ക്കും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കും ഇടയില്‍ സംഘര്‍ഷവും ഉത്കണ്ഠയും വര്‍ദ്ധിപ്പിച്ചതായി 2018 ഡിസംബറില്‍ ഐക്യരാഷ്ട്രസഭ പ്രതിനിധികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് എഴുതി അറിയിച്ചിരുന്നു.

എന്നാല്‍, പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍, 2014 വരെ രാജ്യത്ത് എത്തിയ ബംഗാളി ഹിന്ദുക്കളെ മാത്രമായിരിക്കും അതു പൗരന്‍മാരായി കണക്കാക്കുക. പൗരത്വ ഭേദഗതി ബില്‍, ബില്ലിനെ ശക്തിയായി എതിര്‍ത്ത അസമീസ് ഭൂരിപക്ഷ ബ്രഹ്മപുത്ര താഴ്‌വരക്കും, ബില്ലിനെ അനുകൂലിക്കുന്ന ബംഗാളി ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ബറക് താഴ്‌വരക്കും ഇടയില്‍ സാമൂഹിക വിടവ് ഉണ്ടാക്കിയിട്ടുണ്ട്.

എന്താണ് ദേശീയ പൗരത്വ പട്ടിക?

സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ദേശീയ പൗരത്വ പട്ടികയുടെ പുതുക്കല്‍ പ്രക്രിയ, സ്വയം തന്നെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍, അപേക്ഷകര്‍ തങ്ങളുടെ പൂര്‍വ്വികരില്‍ ആരെങ്കിലും 1971-നു മുന്‍പ് അസമില്‍ ജീവിച്ചിരുന്നതിനും, പൂര്‍വ്വികനുമായുള്ള ബന്ധത്തിനും രേഖാമൂലമുള്ള തെളിവ് ഹാജറാക്കേണ്ടതുണ്ടായിരുന്നു. നഗരങ്ങളിലെ മധ്യവര്‍ഗം തന്നെ രേഖകള്‍ ഹാജറാക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍, ആയിരക്കണക്കിനു വരുന്ന ഗ്രാമീണ ദരിദ്രജനങ്ങളെ സംബന്ധിച്ചിടത്തോളം അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

ബ്യൂറോക്രാറ്റിക് നടപടിയുടെ വ്യവസ്ഥകളും മാറ്റത്തിനു വിധേമാകുന്നുണ്ട്. ഏതൊക്കെ രേഖകളാണ് ഉപയോഗിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട രൂക്ഷമായ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. 'യഥാര്‍ഥ താമസക്കാര്‍' എന്നൊരു വിഭാഗത്തിനു മറ്റുള്ളവരേക്കാള്‍ കുറഞ്ഞ പരിശോധനകള്‍ക്കു വിധേയരായാല്‍ മതി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ക്ലറിക്കല്‍ ആവശ്യങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നെങ്കിലും, മുസ്‌ലിംകള്‍ ആരും തന്നെ പ്രസ്തുത വിഭാഗത്തില്‍ ഇല്ലെന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിക്കപ്പെട്ടിരുന്നു. ലക്ഷകണക്കിനു വിദേശികളെ ഈ പ്രക്രിയയിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളും അനുമാനിച്ചു.

നവംബറില്‍, അപ്പര്‍ അസമില്‍ അഞ്ചു ബംഗാളികള്‍ക്കു വെടിയേല്‍ക്കുകയുണ്ടായി, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം (ഇന്‍ഡിപന്‍ഡന്റ്) ആണ് സംഭവത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. പൗരത്വ പട്ടിക പുതുക്കുന്ന സര്‍ക്കാര്‍ നടപടി അസമില്‍ മുസ്‌ലിംകള്‍ക്കും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കും ഇടയില്‍ സംഘര്‍ഷവും ഉത്കണ്ഠയും വര്‍ദ്ധിപ്പിച്ചതായി 2018 ഡിസംബറില്‍ ഐക്യരാഷ്ട്രസഭ പ്രതിനിധികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് എഴുതി അറിയിച്ചിരുന്നു. അതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്, പുതുക്കിയ പട്ടികയുടെ അവസാന കരടുരൂപം പ്രസിദ്ധീകരിക്കപ്പെട്ടത്. 40 ലക്ഷത്തിലധികം അപേക്ഷകര്‍ കരടുപട്ടികയില്‍ നിന്നും പുറത്തായിരുന്നു, പൗരത്വം ലഭിക്കണമെങ്കില്‍ അവര്‍ പുതുതായി വീണ്ടും അപേക്ഷിക്കേണ്ടി വരും.

അപേക്ഷ തള്ളപ്പെട്ടവരുടെ ഭാവി?

പുതുക്കിയ പട്ടികയില്‍ ഇടംനേടാനാവാതെ പോയ ആളുകള്‍ക്ക് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ മുമ്പാകെ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതായി വരും. പൗരത്വ നിര്‍ണയത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഖാസി-ജുഡീഷ്യല്‍ സമിതികളാണ് ഈ ട്രൈബ്യൂണലുകള്‍. ഇവക്കെതിരെ നടപടിക്രമങ്ങളിലെ വീഴ്ചകളുടെയും നിയമ നിരക്ഷരതയുടെയും പേരില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരിയായ വിചാരണ കൂടാതെ നൂറുകണക്കിനു ആളുകളാണ് വിദേശികളായി പ്രഖ്യാപിക്കപ്പെടുകയും തടങ്കല്‍ കേന്ദ്രങ്ങളില്‍ അടക്കപ്പെടുകയും ചെയ്തത്.

പ്രദേശത്തെ ജനവിഭാഗങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിനു കാരണമെന്ന് അവര്‍ പഴിചാരുന്നു. അതേസമയം ബില്ലിനെതിരെ പ്രക്ഷോഭം നയിക്കുന്ന നോര്‍ത്ത് ഈസ്‌റ്റേണ്‍ പാര്‍ട്ടികളെയും സംഘടനകളെയും സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ വിജയമാണ്.

നൂറുകണക്കിന് ആളുകള്‍ അനിശ്ചിതകാലത്തേക്ക് തടവറയില്‍ അടക്കപ്പെടുകയും, അതില്‍ കൂടുതല്‍ ആളുകള്‍ പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ കാണുകയും ചെയ്യുമ്പോഴും, അവരുടെ മാതൃരാജ്യം എന്ന നിലക്ക് ബംഗ്ലാദേശുമായി യാതൊരുവിധ കൈമാറ്റ ഉടമ്പടിയിലും ഇന്ത്യ എത്തിയിട്ടില്ല.

വടക്കുകിഴക്കേ ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍

ജനുവരിയില്‍ ലോക്‌സഭ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതിനു ശേഷം, വടക്കുകിഴക്കേ ഇന്ത്യയിലുടനീളം പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗോത്രവര്‍ഗങ്ങളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സിവില്‍ സൊസൈറ്റി സംഘടനകള്‍ ബില്ലിനെതിരെ മാര്‍ച്ച് നടത്തിയപ്പോള്‍, അസമീസ് നാഷണലിസ്റ്റ് പാര്‍ട്ടിയായ 'അസോം ഗണ പരിഷത്ത്', അസമിലെ ബി.ജെ.പി നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാറില്‍ നിന്നും പുറത്തുപോയി.

ഇന്ത്യന്‍ പൗരന്‍മാരാകാന്‍ ആരൊക്കെയാണ് യോഗ്യര്‍?

മേഖലയിലെ മറ്റു സഖ്യകക്ഷികളും ബി.ജെ.പിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബില്ലിനെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശീയരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍, അസം ഉടമ്പടിയുടെ Clause 6 നടപ്പാക്കുന്നതിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും, സംസ്ഥാനത്ത് അതു സംശയദൃഷ്ടിയോടെയാണു വീക്ഷിക്കപ്പെട്ടത്. അപ്പര്‍ അസ്സമില്‍, ജനവികാരം തങ്ങള്‍ക്കെതിരെ തിരിഞ്ഞുകഴിഞ്ഞെന്ന് ബി.ജെ.പിയുടെ സ്വന്തം ഘടകങ്ങള്‍ക്കു ഭയമുണ്ട്.

ബില്‍ അടുത്തുതന്നെ തള്ളിപോകുമെന്നിരിക്കെ, നോര്‍ത്ത് ഈസ്റ്റിലെ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കുകളായ ബംഗാളി ഹിന്ദു നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ നിരാശയിലാണ്. പ്രദേശത്തെ ജനവിഭാഗങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിനു കാരണമെന്ന് അവര്‍ പഴിചാരുന്നു. അതേസമയം ബില്ലിനെതിരെ പ്രക്ഷോഭം നയിക്കുന്ന നോര്‍ത്ത് ഈസ്‌റ്റേണ്‍ പാര്‍ട്ടികളെയും സംഘടനകളെയും സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ വിജയമാണ്. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍, ഇരുവിഭാഗങ്ങളുടെയും മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് സന്തുലിതമായ ഒരു നിലപാട് എടുക്കേണ്ടി വരും.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍ | കടപ്പാട്: സ്ക്രോള്‍