LiveTV

Live

National

മീററ്റില്‍ ഭൂമാഫിയക്ക് വേണ്ടി പൊലീസ് ഒത്താശ; കോളനി തീയിടുന്നതിലേക്ക് നയിച്ചത് ഭൂമി തര്‍ക്കം

ഭൂമാഫിയക്ക് വേണ്ടി സര്‍ക്കാര്‍ ഭൂമി നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കാന്‍ പൊലീസ് ഒത്താശ ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

മീററ്റില്‍ ഭൂമാഫിയക്ക്  വേണ്ടി പൊലീസ് ഒത്താശ; കോളനി തീയിടുന്നതിലേക്ക് നയിച്ചത് ഭൂമി തര്‍ക്കം

മീററ്റിലെ കോളനി തീയിടുന്നതിലേക്ക് നയിച്ചത് ഭൂമി തര്‍ക്കം. ഭൂമാഫിയക്ക് വേണ്ടി സര്‍ക്കാര്‍ ഭൂമി നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കാന്‍ പൊലീസ് ഒത്താശ ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഒഴിപ്പിക്കലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത താമസം ഒഴിപ്പിക്കലിന്റെ പേരിലാണ് ബൂസാമണ്ടി കോളനി നിവാസികള്‍ക്ക് നേരെയുള്ള അതിക്രമം. രണ്ട് പതിറ്റാണ്ടായി താമസിക്കുന്ന ഇടത്ത് നിന്ന് ഒരു നോട്ടീസ് പോലും നല്‍കാതെ ഇറക്കിവിടാനുള്ള ശ്രമം ചെറുത്തപ്പോള്‍ ഇവരുടെ കുടിലുകളപ്പാടെ കത്തിയെരിച്ചു. പൊലീസിന്റെ ഈ കണ്ണില്ലാത്ത നടപടിയോ ഭൂമാഫിയക്ക് വേണ്ടിയും.

'’ഒരു കെട്ടിടമുണ്ടാക്കാന്‍ ഈ ഭൂമിയപ്പാടെ കത്തിക്കുന്നത് ന്യായമായും ഏതോ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ ഭൂമി കൈയ്യേറാനുള്ള ഗുഢാലോചനയാണ് ഇതിന് പിന്നില്‍. ബി.ജെ.പിക്കാര്‍ വഴി ഈ ഭൂമി നോട്ടമിട്ട് വെച്ചിരിക്കുകയാണ് ഇവര്‍‍. പ്രധാനമന്ത്രി ആവാസ് യോജന ഈ പാവപ്പെട്ട മുസ്ലിംകള്‍ക്ക് ബാധകമല്ലേ?’’ ട്രാന്‍സ് സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ.സുശീല്‍ കുമാര്‍ ചോദിക്കുന്നു.

ഭൂമി തിരിച്ചുപിടിക്കാതിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാര്‍ പല തവണ ഇവരില്‍ നിന്ന് പണം ഈടാക്കിയിട്ടുണ്ട്. ‘’ആദ്യം താമസിക്കാന്‍ സമ്മതിക്കുകയും പിന്നീടത് നശിപ്പിക്കുകയും ചെയ്യുന്ന അധികാരികളുടേതാണ് തെറ്റ്. നിത്യവരുമാനത്തില്‍ നിന്ന് കഷ്ടപ്പെട്ട് മിച്ചം വെച്ച പണം ഡീലര്‍മാര്‍ക്ക് നല്‍കിയാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്.’’ പ്രദേശവാസിയായ അക്രംഷാ പറയുന്നു.

വീണ്ടും പണം ചോദിച്ചെത്തിയതാണ് ഇപ്പോള്‍ പ്രശ്നത്തിനിടയാക്കിയതെന്നും ചേരിനിവാസികള്‍ വ്യക്തമാക്കി. ‘’പൊലീസുകാരും മുനിസിപ്പാലിറ്റിക്കാരും വന്നു. പള്ളിക്ക് പിന്നില്‍ അവിടെ കെട്ടിടം ഉണ്ടാക്കാനിരിക്കുകയാണ്. പണത്തിന് വേണ്ടി കശപിശ ഉണ്ടായി. ചിലര്‍ കുറച്ച് പണം നല്‍കി. അതിനെത്തുടര്‍ന്ന് അക്രമം തുടങ്ങി.’’ ചേരി നിവാസി ആയത്തുല്ല പറയുന്നു.