LiveTV

Live

National

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

30 ശതമാനം ദലിത് വിഭാഗക്കാരുള്ള സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഭീം ആര്‍മിക്ക് ശക്തമായ സ്വാധീനമുണ്ട്.

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. നരേന്ദ്രമോദിയെ തോല്‍പ്പിക്കാന്‍ ഏത് പാര്‍ട്ടിയിലും ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. മാതൃക പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് അറസ്റ്റിലായ ചന്ദ്രശേഖര്‍ നിലവില്‍ ചികിത്സയിലാണ്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ എല്ലാ വഴിയും തേടാനാണ് ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ തീരുമാനം. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. അതിനായി ഏത് പാര്‍ട്ടിയിലും ചേരുമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. യുവാക്കളുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എസ്.പി - ബി.എസ്.പി സഖ്യത്തില്‍ നിന്നും പുറത്ത് പോയ കോണ്‍ഗ്രസ് ഭീം ആര്‍മിയുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിവരം. ദലിത് വിഭാഗത്തെ അടുപ്പിക്കലാണ് സന്ദര്‍ശന ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. 30 ശതമാനം ദലിത് വിഭാഗക്കാരുള്ള സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഭീം ആര്‍മിക്ക് ശക്തമായ സ്വാധീനമുണ്ട്.