LiveTV

Live

National

സര്‍ക്കാര്‍ ജോലിയില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

റോബര്‍ട്ട് വദ്രക്കെതിരായ കള്ളപ്പണകേസ് അന്വേഷണത്തിലും വിദ്യാര്‍ഥിനികള്‍ രാഹുലിന്റെ പ്രതികരണം തേടി

സര്‍ക്കാര്‍ ജോലിയില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിത സംവരണം കൊണ്ട് വരുമെന്ന് രാഹുല്‍ ഗാന്ധി. ചെന്നൈ സ്റ്റെല്ല മേരിസ് കോളജ് വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തിലാണ് രാഹുലിന്റെ വാഗ്ദാനം. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ചെന്നൈ സ്റ്റെല്ല മേരിസ് വനിത കോളജിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുമായാണ് വിദ്യാര്‍ഥിനികള്‍ എത്തിയിരുന്നത്.

സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന്, പുരുഷന്‍മാരേക്കള്‍ മിടുക്കരാണ് സ്ത്രീകളെന്ന് ഉത്തരം നല്‍കിയ രാഹുല്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സ്ത്രീസംവരണം ഉറപ്പ് നല്‍കി. ലോക്സഭയില്‍ ഇത് സംബന്ധിച്ച വനിത സംവരണ ബില്‍ പാസാക്കുമെന്നും ഗാന്ധി പറഞ്ഞു.

റോബര്‍ട്ട് വദ്രക്കെതിരായ കള്ളപ്പണകേസ് അന്വേഷണത്തിലും വിദ്യാര്‍ഥിനികള്‍ രാഹുലിന്റെ പ്രതികരണം തേടി. റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം വേണം, ആരോപിചരായ എല്ലാവര്‍ക്കെതിരെയും വേണം. റഫാലില്‍ അന്വേഷണത്തിന് ആവശ്യമായ തെളിവുകളുണ്ട്. പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍, തൊഴിലില്ലായ്മ, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ വിദ്യാര്‍ഥിനികളില്‍ നിന്നുയര്‍ന്ന ചോദ്യത്തിനെല്ലാം രാഹുല്‍ സൌമ്യമായി ഉത്തരം നല്‍കി.