LiveTV

Live

National

ബറേലിയുടെ ചരിത്രം തിരുത്താന്‍ മഹാസഖ്യം; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

സമാജ്‌വാദി-ബി.എസ്.പി സഖ്യവും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത ഈ മണ്ഡലത്തില്‍ വികസന പുരുഷനായി മാറിയ ഗാംഗ്വാറിന് ഇതാദ്യമായാണ് ത്രികോണ മല്‍സരം നേരിടേണ്ടി വരുന്നത്.

ബറേലിയുടെ ചരിത്രം തിരുത്താന്‍ മഹാസഖ്യം; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

ബറേലിയില്‍ കേന്ദ്ര സഹമന്ത്രിയായ സന്തോഷ് ഗാംഗ്വാര്‍ ഇക്കുറിയും മത്സരരരംഗത്തുണ്ടാകും. സമാജ്‌വാദി-ബി.എസ്.പി സഖ്യവും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത ഈ മണ്ഡലത്തില്‍ വികസന പുരുഷനായി മാറിയ ഗാംഗ്വാറിന് ഇതാദ്യമായാണ് ത്രികോണ മല്‍സരം നേരിടേണ്ടി വരുന്നത്. സമാജ്‌വാദി പാര്‍ട്ടിയോ ബി.എസ്.പിയോ ഒരിക്കല്‍ പോലും ജയിച്ചിട്ടില്ലാത്ത ഇവിടെ ചിത്രം മാറാനും സാധ്യതയുണ്ട്.

1989 മുതല്‍ ബറേലിയെ ആറു തവണയായി പ്രതിനിധീകരിക്കുന്ന ഗാംഗ്വാറിനെ 2009ല്‍ മാത്രമാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന് പരാജയപ്പെടുത്താനായത്. ഗാംഗ്വാറിനെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി മല്‍സരരംഗത്തെത്തിയ പ്രവീണ്‍സിംഗ് ഏറണ്‍ മണ്ഡലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നടത്തിയ ഫലപ്രദമായ പോരാട്ടമായിരുന്നു ലക്ഷ്യം കണ്ടത്.

നാലര ലക്ഷത്തിലേറെയുള്ള മണ്ഡലത്തിലെ മുസ്‌ലിം വോട്ടുബാങ്ക് കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി സംഘടനകള്‍ക്കിടയില്‍ പിളരുന്നതും ഗാംഗ്വാറുകള്‍ ഉള്‍പ്പടയുള്ള മറ്റു പിന്നാക്ക സമുദായങ്ങള്‍ ഒറ്റക്കെട്ടായി ബി.ജെ.പിയെ പിന്തുണക്കുന്നതുമായിരുന്നു ഗാംഗ്വാറിന്റെ വിജയത്തിന് കാരണം. എന്നാല്‍ പുതിയ വിമാനത്താവളമടക്കം ബറേലയിയില്‍ നേട്ടങ്ങളുടെ വന്‍ പട്ടിക തന്നെ നിരത്താനുള്ളതും ഒപ്പം എല്ലാ സമുദായങ്ങളുമായും തനിക്കുള്ള മികച്ച ബന്ധവുമാണ് വിജയത്തിന്റെ കാരണമായി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ ഗാംഗ്വാര്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നാക്ക, ദലിത് വോട്ടുകള്‍ നിര്‍ണായകമായ ബറേലിയില്‍ മൗര്യകളുടെയും കുശവാഹകളുടെയും പാര്‍ട്ടിയായ മഹാന്‍ദള്‍ ഇത്തവണയും കോണ്‍ഗ്രസിനൊപ്പമാണ്. പ്രവീണ്‍ സിംഗ് വീണ്ടും ഗാംഗ്വാറിനെതിരെ മല്‍സരരംഗത്തിറങ്ങിയാല്‍ വോട്ടുവിഭജനം പാര്‍ട്ടിയെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.