LiveTV

Live

National

ബി.ജെ.പി അനുകൂല ചാനലുകളെ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് തേജ്വസി യാദവിന്റെ കത്ത്

ബി.ജെ.പി അനുകൂല ചാനലുകളെ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് തേജ്വസി യാദവിന്റെ കത്ത്

ബി.ജെ.പി അനുകൂല ചാനലുകളെ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവിന്റെ കത്ത്. തേജ്വസി യാദവിന്റെ പിതാവും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദും തേജ്വസിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദി മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുക എന്നാണ് ലാലു പ്രസാദ് കത്തിനോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

അതേ സമയം ബി.ജെ.പി തേജ്വസി യാദവിന്റെ ആഹ്വാനത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. മാധ്യമങ്ങളെ ഏറ്റവും ശക്തമായ രീതിയില്‍ ഉപയോഗിച്ച കോൺഗ്രസിന്റെ മടിയില്‍ ഇരുന്നാണ് തേജ്വസി യാദവ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.

കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി എന്നിവര്‍ക്കാണ് തേജ്വസി യാദവ് ട്വിറ്റര്‍ വഴി കത്ത് അയച്ചത്. എല്ലാം പ്രതിപക്ഷ കക്ഷികളെയും താഴ്ത്തിക്കെട്ടുന്ന രീതിയില്‍‌ എല്ലാ വൈകുന്നേരങ്ങളിലും പല പരിപാടികളും സംഘടിപ്പിക്കുന്നു. ബി.ജെ.പി അനുകൂല ചാനലുകളാണ് ഇങ്ങനെയെല്ലാം സംപ്രക്ഷണം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന നഗ്നമായസത്യമാണ്’; തേജ്വസി യാദവ് കുറിച്ചു.

ആര്‍.ജെ.ഡി നേതാവായ ലാലു പ്രസാദ് യാദവ് തേജ്വസി യാദവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. #Boycott_Modi_Media എന്ന ഹാഷ്ടാഗോടെയാണ് ലാലു റീട്വീറ്റ് ചെയ്തിരിക്കുന്നത്. ടൈംസ് നൗ, റിപ്പബ്ലിക് ടി.വി, സീ ന്യൂസ് തുടങ്ങി സംഘപരിവാര്‍ അനുഭാവമുള്ള ചാനലുകള്‍ മാത്രമല്ല എല്ലാ ചാനലുകളും സൂക്ഷിക്കണമെന്നാണ് തേജസ്വിയുടെ മുന്നറിയിപ്പ്.

‘മാധ്യമങ്ങളിലെ പല അവതാരകരും സംവാദങ്ങളില്‍ അവരുടെ നിഷ്പക്ഷത മുഖംമൂടി വലിച്ചെറിഞ്ഞുവെന്നു മാത്രമല്ല ദേശീയ പ്രാധാന്യം വരുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിലേക്ക് വിദ്വേഷം പടര്‍ത്തിവിടുന്ന തരത്തിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലും വളര്‍ന്നിരിക്കുകയാണ്. ദേശ സുരക്ഷയുള്‍പ്പെടെ ദേശീയ താല്‍പര്യത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് ഇത് ചെയ്തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന ന്യൂസ് ചാനലുകളില്‍ മാധ്യമധാര്‍മ്മികത പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന പ്രശസ്തരായ പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

‘ഫാഷിസ്റ്റുകള്‍ ന്യൂസ് ചാനല്‍ സ്റ്റുഡിയോകള്‍ പൂര്‍ണമായി പിടിച്ചെടുത്തിരിക്കുകയാണ്. ഇവിടെ യുക്തിഭദ്രമായ സംവാദത്തിന് യാതൊരു സാധ്യതയുമില്ല. അവര്‍ പടച്ചുവിടുന്ന കള്ളത്തരങ്ങള്‍ക്ക് വിശ്വാസ്യത കൂട്ടാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷ ശബ്ദങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത്. ടി.വി ചാനലുകളില്‍ തങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നതെന്നിരിക്കെ, യഥാര്‍ത്ഥത്തില്‍ അവരുടെ പ്രശ്‌നങ്ങളെല്ലാം അടിച്ചമര്‍ത്തിയിരിക്കുകയാണ്.’ കത്തില്‍ കുറിച്ചു. പ്രതിപക്ഷ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും തേജ്വസി മുന്നറിയിപ്പു നല്‍കുന്നുണ്ട് കത്തില്‍.