LiveTV

Live

National

വടി കൊടുത്ത് അടി വാങ്ങി ബി.ജെ.പി; മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ‘ഹാഫിസ് ജി’  വിഡിയോ പുറത്ത്

തെരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍ക്കാണ് രാജ്യസ്നേഹവും തീവ്രവാദ വിരുദ്ധതയും കൂടുതലെന്നാണ് തര്‍ക്കം.

വടി കൊടുത്ത് അടി വാങ്ങി ബി.ജെ.പി; മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ‘ഹാഫിസ് ജി’  വിഡിയോ പുറത്ത്

തീവ്രവാദികളോടുള്ള നിലപാടിനെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലെ വാഗ്വാദം കൊഴുക്കുന്നു‍. രാഹുല്‍ ഗാന്ധി മസൂദ് അസ്ഹറിനെ ബഹുമാനത്തോടെ അഭിസംബോധന ചെയ്തെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഉരുളക്കുപ്പേരിയായി ഹാഫിസ് സയീദിനെ ജി എന്ന് പരാമര്‍ശിക്കുന്ന രവിശങ്കര്‍ പ്രസാദിന്റെ വിഡിയോ കോണ്‍ഗ്രസും പുറത്തുവിട്ടു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍ക്കാണ് രാജ്യസ്നേഹവും തീവ്രവാദ വിരുദ്ധതയും കൂടുതലെന്നാണ് തര്‍ക്കം. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ രാഹുല്‍ ഗാന്ധി മസൂദ് ജി എന്ന് അഭിസംബോധന ചെയ്യുന്ന പ്രസംഗഭാഗം അടര്‍ത്തിയെടുത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് വിവാദം തുടങ്ങിവെച്ചത്.

വിഡിയോ ഷെയര്‍ ചെയ്ത സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് തീവ്രവാദികളോടുള്ള സ്നേഹത്തിന് തെളിവായി ഇതിനെ ഉയര്‍ത്തിക്കാട്ടി. കാണ്ഡഹാറില്‍ മസൂദ് അസ്ഹറിനെ വിട്ടുകൊടുത്തത് നിലവിലെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍കയ്യെടുത്താണെന്നാണ് യഥാര്‍ഥത്തില്‍ രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസ് തിരിച്ചും കൊടുത്തു പണി.

ഹാഫിസ് സയീദിനെ ഹാഫിസ് ജി എന്ന് വിളിക്കുന്ന രവിശങ്കര്‍ പ്രസാദിന്റെ വിഡിയോ ക്ലിപ് കോണ്‍ഗ്രസും പുറത്തുവിട്ടു. വടി കൊടുത്ത് അടി വാങ്ങിയ മട്ടിലായി ബി.ജെ.പി‍. ഒരു പാര്‍ട്ടിയുടെ അധ്യക്ഷനായ രാഹുല്‍ അങ്ങനെ പറയാന്‍ പാടുണ്ടോയെന്നാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കളുടെ നിലപാട്.