LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് സൈന്യം

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 18 ഭീകരരെ വധിച്ചതായും സൈന്യം വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനെ വധിച്ചതായി സൈന്യത്തിന്റെ സ്ഥിരീകരണം. ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ച‌ത്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 18 ഭീകരരെ വധിച്ചതായും സൈന്യം വ്യക്തമാക്കി.

ഇന്നലെ പുല്‍വാമയിലെ ത്രാലില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ പുല്‍വാമ ഭീകരമാക്രണത്തിലെ മുഖ്യസൂത്രധാരനായ മുദാസിര്‍ അഹമ്മദ് ആണെന്നാണ് സൈന്യം അറിയിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങളെ വിവിധ പരിശോധനകളിലൂടെയാണ് തിരിച്ചറിഞ്ഞത്.

ചാവേറായ ആദില്‍ ഖാനെ മുദാസിര്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഒപ്പം സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം സജ്ജമാക്കിയതും മുദാസിര്‍ ആണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 18 ഭീകരരെ വധിക്കാന്‍ കഴി‍ഞ്ഞതായും സൈന്യം അറിയിച്ചു

ജെയ്ശെ മുഹമ്മദിന്‍റെ ഇന്ത്യയിലുണ്ടായിരുന്ന നേതൃ നിരയില്‍ ഉള്ളവരെ മുഴുവന്‍ ഇതോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായും സൈന്യം വ്യക്തമാക്കി. എങ്കിലും ഭീകരസംഘടന‌യില്‍ അംഗങ്ങളായ മുഴുവന്‍ പേരെയും വധിക്കുന്നത് വരെ ഓപ്പറേഷന്‍ തുടരുമെന്നും സൈന്യം അറിയിച്ചു.