LiveTV

Live

National

സൈനികരുടെ ജീവത്യാഗം ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ശിവസേന

‘പട്ടാള വേഷത്തിലെത്തി ഡല്‍ഹിയില്‍ നിന്നുള്ള എം.പി മനോജ് തിവാരി വോട്ട് അഭ്യര്‍ഥിക്കുക പോലും ചെയ്തു. ഇത്തരം ചെയ്തികള്‍ പ്രതിപക്ഷത്തിനേ ഗുണം ചെയ്യൂ.’

സൈനികരുടെ ജീവത്യാഗം ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ശിവസേന

സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബി.ജെ.പി നിലപാടിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന പരസ്യഎതിര്‍പ്പുമായി രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് തങ്ങളുടെ അഭിപ്രായവ്യത്യാസം ശിവസേന പരസ്യമാക്കിയിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാനായി അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ല. അത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല രാഷ്ട്രീയക്കാരും വരുന്നുണ്ട്. പല നേതാക്കളും പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്' തിങ്കളാഴ്ച സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

Also read: ശിവസേന - ബി.ജെ.പി സഖ്യ ധാരണയായി

'പട്ടാള വേഷവിധാനങ്ങളോടെയാണ് പല ബി.ജെ.പി എംപിമാരും റാലികളെ അഭിസംബോധന ചെയ്യുന്നത്. പട്ടാള വേഷത്തിലെത്തി ഡല്‍ഹിയില്‍ നിന്നുള്ള എം.പി മനോജ് തിവാരി വോട്ട് അഭ്യര്‍ഥിക്കുക പോലും ചെയ്തു. ഇത്തരം ചെയ്തികള്‍ പ്രതിപക്ഷത്തിനേ ഗുണം ചെയ്യൂ. ബലാക്കോട്ട് വ്യോമാക്രമണം അടക്കം രാഷ്ട്രീയ നേട്ടത്തിനായാണ് നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെ ഇത് ശക്തിപ്പെടുത്തും. വ്യോമാക്രമണത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നതുപോലെ തന്നെ ഗുരുതരമായ തെറ്റാണ് സൈനിക നീക്കങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും' ശിവസേന മുഖപത്രം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും സഖ്യമായാണ് മത്സരിക്കുന്നത്. നാല് ഘട്ടങ്ങലിലായി ഏപ്രില്‍ 11-29 കാലയളവിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. സഖ്യം അനുസരിച്ച് 23 സീറ്റുകളില്‍ ശിവസേനയും 25 സീറ്റുകളില്‍ ബി.ജെ.പിയുമാണ് മത്സരിക്കുക.