LiveTV

Live

National

സമയക്രമം ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി  

എന്‍.ഡി.എ വിരുദ്ധ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലായത് വഴി ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബി.ജെ.പിക്ക് കഴിയും. 

 സമയക്രമം ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി  

വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളില്‍ പലതിലും തെരഞ്ഞെടുപ്പ് പലഘട്ടങ്ങളായി നടക്കുന്നതിനാല്‍ നല്ല പ്രചരണം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്‍.ഡി.എ വിരുദ്ധ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലായത് വഴി ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബി.ജെ.പിക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങളിലായിരുന്ന ഒഡീഷയിലെ വോട്ടെടുപ്പ് ഇത്തവണ നാല് ഘട്ടങ്ങളിലായി മാറിയിട്ടുണ്ട്. വിവിധ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഒപ്പം 11 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 29 ന് ആണ് നാലാം ഘട്ടം നടക്കുന്നത്. അന്ന് തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ് ,ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പും മഹാരാഷ്ട്രയില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കും. പല ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമ്പോള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പ്രചരണവിഷയങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ്. നവീന്‍ പട്നായിക്കിന്റെ വെല്ലുവിളി നേരിടുന്ന ഇവിടെ അത് കൂടുതല്‍ ഗുണം ചെയ്യുക ബി.ജെ.പിക്കാകും. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഉരുക്കുകോട്ടയിലും മമതാ ബാനര്‍ജിയുടെ പശ്ചിമപബംഗാളിലും ഉത്തര്‍പ്രദേശ് മാതൃകയില്‍ ഏഴ് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. 2014 ല്‍ അഞ്ച് ഘട്ടങ്ങളിലായിരുന്നു പശ്ചിമബംഗാളില്‍ വോട്ടെടുപ്പ്. 29 മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ 2014 ല്‍ മൂന്ന് ഘട്ടമായിരുന്നെങ്കില്‍ ഈ ലോക്സഭാ തെരഞ്ഞെുപ്പില്‍ അത് നാലായി. ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തേണ്ടെന്ന തീരുമാനവും ബി.ജെ.പിക്ക് ആശ്വാസകരമായി. കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടികളുടെ സഖ്യസാധ്യത

അവസാനിച്ചിട്ടില്ലാത്ത ഡല്‍ഹിയിലും പഞ്ചാബിലും അവസാനഘട്ടമായ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വരാണാസിയിലും അവസാനഘട്ടമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്ത് ഉടനീളം പ്രചരണം നടത്തേണ്ട മോദിക്ക് സ്വന്തം മണ്ഡലത്തിലെ റാലികള്‍ക്കും പ്രസംഗങ്ങള്‍ക്കുമുള്ള അവസരം ഇത് മൂലം ലഭിക്കും. ഈ മേല്‍ക്കൈയെ മറികടക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എത്രത്തോളം കഴിയുമെന്നതിലാകും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക.