LiveTV

Live

National

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിയേണ്ടതെല്ലാം

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിയേണ്ടതെല്ലാം

2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളുമായി രംഗത്ത് വരുന്നത്. മാധ്യമങ്ങളുമായിട്ടുള്ള സംസാരത്തില്‍ രാഷ്ട്രീയപരമായി പെരുമാറുകയും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ‘താമര’ പ്രചരിപ്പിക്കുന്ന രൂപത്തില്‍ പ്രദര്‍ശിപ്പിച്ച നരേന്ദ്ര മോദിക്കെതിരെ അന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വോട്ടിങ്ങ് നടക്കുന്ന പോളിങ് ബൂത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ ഒരു തരത്തിലുമുള്ള പ്രചരണവും പാടില്ലായെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച മോദിക്കെതിരെ അന്ന് രണ്ട് എഫ്.ഐ.ആറുകളാണ് ഗുജറാത്ത് പൊലീസ് ഫയല്‍ ചെയ്തത്. 2014 കഴിഞ്ഞ് 2019 ലെത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വന്ന ഈ സന്ദര്‍ഭത്തില്‍ എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ എന്ന് പരിശോധിക്കാം.

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യാ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവുമുണ്ടാകും. ഇന്ന് വൈകിട്ട് മുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടം നടപ്പില്‍ വരും.

എന്തൊക്കെയാണ് പെരുമാറ്റ ചട്ടത്തിലുള്‍പ്പെടുന്ന പ്രധാന ചട്ടങ്ങള്‍?

2014ലെ പെരുമാറ്റ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എട്ട് വ്യവസ്ഥകളിലായിരിക്കും. പൊതുചട്ടം, പൊതു യോഗങ്ങള്‍, ഘോഷയാത്ര, പോളിങ് ദിവസം, പോളിങ് ബൂത്തുകള്‍, നിരീക്ഷകര്‍, അധികാരത്തിലുള്ള പാര്‍ട്ടി, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലുള്‍പ്പെടുന്ന പ്രധാന കാര്യങ്ങള്‍.

പൊതുചട്ടം

മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പോളിസികളെയും പ്രവര്‍ത്തന മികവിനെയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാമെങ്കിലും അതിര് വിട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല.

പൊതു യോഗങ്ങള്‍

പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് ലോക്കല്‍ പൊലീസിനെ കണ്ട് അനുമതി വാങ്ങേണ്ടതാണ്. റാലികള്‍ക്ക് വേണ്ട സുരക്ഷ അതാത് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

ഘോഷയാത്രകള്‍

എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.

പോളിങ് ദിവസം

പോളിങ് ദിവസം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോളിങ് ബൂത്തിനകത്ത് നിര്‍ബന്ധമായും പാര്‍ട്ടിയുടെ പേരും ചിഹ്നവുമടങ്ങിയ ബാഡ്ജ് ധരിക്കണം.

പോളിങ് ബൂത്തുകള്‍

വോട്ടര്‍മാരല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ള വ്യക്തികള്‍ക്കും പോളിങ് ബൂത്തില്‍ കയറാവുന്നതാണ്. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും വോട്ട് കരസ്ഥമാക്കുന്നതിനുള്ള സംവിധാനങ്ങളും നടത്താന്‍ പാടുള്ളതല്ല.

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിയേണ്ടതെല്ലാം

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലെ ഇടപെടലുകള്‍ ശക്തമായ രീതിയില്‍ തന്നെ 2019 തൊട്ടുള്ള തെര‍ഞ്ഞെടുപ്പ് നിരീക്ഷണങ്ങളുടെ പരിധിയില്‍ വരും. വോട്ടര്‍മാര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്പും പരാതികള്‍ക്കുള്ള നടപടി 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരോട് പരാതിപ്പെടാവുന്നതാണ്.

എന്തൊക്കെയാണ് ഭരണപാര്‍ട്ടിക്ക് മേലുള്ള നിയന്ത്രണങ്ങള്‍?

1979 മുതലാണ് ആദ്യമായി അധികാരത്തിലുള്ള പാര്‍ട്ടികള്‍ക്ക് മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാര പാര്‍ട്ടികള്‍ക്ക് ബാധകമാണ്.

1- സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ ഒരു തരത്തിലും പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

2- എം.പിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരിക്കലും പ്രചരണ പരിപാടികള്‍ക്കോ പാര്‍ട്ടി പരിപാടികള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. സര്‍ക്കാരിന്റെ ഒരു വിധ കാര്യങ്ങളും പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല.

3- മന്ത്രിമാരും മറ്റു അധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാന്‍ഡുകളോ ഉറപ്പുകളോ നല്‍കാന്‍ പാടുള്ളതല്ല.

4- പൊതുവിടങ്ങള്‍ മറ്റു പാര്‍ട്ടികാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ തരത്തില്‍ വേണം ക്രമീകരിക്കാന്‍. അധികാര പാര്‍ട്ടി ഒരിക്കലും ഏകപക്ഷീയമായി അവരുടെ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ പാടില്ല.

എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിയേണ്ടതെല്ലാം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍?

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമ്മീഷന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും നോട്ടീസ് സമര്‍പ്പിക്കും. നോട്ടീസ് ലഭിച്ചയുടനെ പിന്നീട് അവര്‍ക്ക് അതിന് മറുപടി സമര്‍പ്പിക്കാം. കുറ്റക്കാരനാണെന്ന് സ്വമേധയാ സമ്മതിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രേഖാമൂലമുള്ള ശാസന ലഭിക്കും. വളരെ വലിയ അതിക്രമങ്ങളാണ് നടന്നതെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഐ.പി.സി അനുസരിച്ചോ ഇന്‍കം ടാക്സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാവുന്നതാണ്. വര്‍ഗീയമായ രീതിയില്‍ വികാരം രൂപപ്പെടുത്തി വോട്ട് കരസ്ഥമാക്കുക/ പണം നല്‍കിയുള്ള വോട്ട് എന്നിവക്ക് കമ്മീഷന്‍ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകാറ്. ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ അത് സാധാരണ പാര്‍ട്ടിക്ക് തന്നെയാണ് ദോഷം ചെയ്യാറ്. ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥയെയോ മോശമായ രീതിയില്‍ എതിര്‍പാര്‍ട്ടിക്കാര്‍ ഉപയോഗിക്കുമെന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങളെ സൂക്ഷ്മതയോടെയാണ് സമീപിക്കാറ്.